df

കോലഞ്ചേരി: സർക്കാർ വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന പ്രീ പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും ഓണറേറിയമില്ല. 2012 നുശേഷം പി.ടി.എ നിയമിച്ചവരെയാണ് തഴയുന്നത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്രവർത്തിക്കുന്ന പ്രീപ്രൈമറി അദ്ധ്യാപകർക്കാണ് ഇതോടെ തിരിച്ചടിയായത്. സംസ്ഥാനത്ത് അംഗീകാരമുള്ള 2,215 പ്രീപ്രൈമറി സ്കൂളുകളാണ് പ്രവർത്തിക്കുന്നത്. 2012 നു മുമ്പ് വരെ പ്രവർത്തിച്ചിരുന്ന അദ്ധ്യാപകർക്ക് 10,500 രൂപയും ആയമാർക്ക് 6,500 രൂപയും നൽകി വരുന്നുണ്ട്. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രീ പ്രൈമറികൾ തുടങ്ങിയത് 2012 നുശേഷമാണ്. ഇത്തരത്തിൽ 4,000ത്തിലധികം പ്രീ പ്രൈമറികളാണ് പ്രവർത്തിക്കുന്നത്. ഇവിടെ പി.ടി.എയാണ് ഇവർക്ക് ശമ്പളം നൽകുന്നത്. പുതിയ പ്രീ പ്രൈമറികൾ അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പറയുന്നത്. എന്നാൽ ഒന്നാം ക്ളാസിലേക്ക് കുട്ടികളെ എത്തിക്കാൻ അൺ എയ്ഡഡ് സ്കൂളുകൾ ചാക്കിട്ട് പിടുത്തവും വൻ ഫീസും വാങ്ങി തുടങ്ങിയതോടെ നിവൃത്തിയില്ലാതെയാണ് സർക്കാർ സ്കൂളുകളിലെ പി.ടി. എ അനുമതിയില്ലെങ്കിലും പ്രീ പ്രൈമറികൾ തുടങ്ങിയത്.

കൊവിഡ് വ്യാപനം തുടങ്ങിയതോടെ നിലവിലുള്ള നിരവധി അദ്ധ്യാപകർക്ക് പി.ടി.എ നൽകിവന്ന വരുമാനവും നിലച്ചു. എങ്കിലും ഓൺലൈൻ ക്ളാസുകളിലും കുട്ടികളോടുള്ള ഇടപെടലുകളിലും ഒരു കുറവും ഇവർ വരുത്തുന്നില്ല. ഇതോടെ സർക്കാർ സ്കൂളുകളിലെ ഒന്നിലേക്കെത്തുന്ന കുട്ടികളുടെ എണ്ണവും മുൻവർഷങ്ങളിൽ ക്രമാതീതമായി വർദ്ധിച്ചു. ഇതെല്ലാം പാടെ വിസ്മരിച്ചാണ് പ്രീ പ്രൈമറിക്കാരെ തഴയുന്നത്. ഇവരിൽ പലരും തന്നെ വർഷങ്ങളായി ഈ രംഗത്ത് പഠിപ്പിക്കുന്ന ബിരുദ, ബിരുദാനന്തരക്കാരാണ്. പി.എസ്.സി പരീക്ഷ വളരെക്കാലം എഴുതി വിവിധ ലിസ്റ്റുകളിൽ വന്ന് അവസാനം തഴയപ്പെട്ടവരുമുണ്ട്.

 വാഗ്ദാനം കടലാസിൽ

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ അവതരിപ്പിച്ച ബഡ്‌ജറ്റിന്റെ മറുപടി പ്രസംഗത്തിൽ ധനമന്ത്രി ഇവർക്ക് 1000 രൂപയുടെ ഓണറേറിയം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതും പാലിക്കപ്പെട്ടില്ല. സംസ്ഥാനടിസ്ഥാനത്തിൽ സംഘടന രൂപീകരിച്ച് ഇവർ തങ്ങളു‌ടെ ബുദ്ധിമുട്ടുകൾ സർക്കാരിനു മുന്നിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. അതിനു മുന്നോട‌ിയായി സംസ്ഥാനത്തെ മുഴുവൻ എം.എൽ.എമാർക്കും നിവേദനം നൽകുകയും ചെയ്യുന്നുണ്ട്.

 തഴയപ്പെടുന്നത് 4000ഓളം പ്രീപ്രൈമറി സ്കൂളുകൾ

 അംഗീകരമുള്ള പ്രീപ്രൈമറി സ്കൂളുകൾ - 2,215