മൂവാറ്റുപുഴ: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരവും മൂവാറ്റുപുഴയുടെ സ്വപ്നപദ്ധതിയുമായ മുറിക്കല്ല് ബൈപ്പാസിന്റെ സ്ഥലമേറ്റെടുപ്പിൽ ഉടമകൾക്ക് ആശങ്ക വേണ്ടെന്ന് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. സ്ഥലമെടുപ്പിന് മുന്നോടിയായി വിളിച്ചുചേർത്ത സ്ഥലം ഉടമകളുടെ സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് അദ്ധ്യക്ഷത വഹിച്ചു. രാജഗിരി ഔട്ട്‌റീച്ച് കളമശ്ശേരി എസ്‌.ഐ.എ സ്റ്റഡി യൂണിറ്റ് ചെയർപേഴ്‌സൺ മീന കുരുവിളയുടെ നേതൃത്വത്തിലായിരുന്നു ഓൺലൈൻ ഹിയറിംഗ്. സ്‌പെഷ്യൽ തഹസിൽദാർ ബോബി റോസ്, ലക്ഷ്മി എസ് .ദേവി, എം. മുഹ്‌സിന എന്നിവർ പങ്കെടുത്തു. 63പേർ ഹിയറിംഗിൽ പങ്കെടുത്ത് ആശങ്കകളും ആവലാതികളും അവതരിപ്പിച്ചു. നഷ്ടപരിഹാരത്തെക്കുറിച്ചും അലൈൻമെന്റിലെ മാറ്റത്തെക്കുറിച്ചുമായിരുന്നു പ്രധാന ആശങ്കകൾ. മരിയ ടെൻസി ഫെലിക്‌സ്, റിസർച്ച് അസിസ്റ്റന്റ് കേസിയമോൾ മാത്യു എന്നിവർ സംസാരിച്ചു.