df

 മഹാകവി ജി​യുടെ 44-ാം ചരമദിനം നാളെ

കൊച്ചി: മഹാകവികളായ ജി. ശങ്കരക്കുറുപ്പിന്റെയും ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെയും സ്മാരകവും പ്രതിമയും അവഗണനയുടെ ഗതികേടിൽ. ഇന്നു തുടങ്ങും നാളെത്തുടങ്ങും എന്ന് പറയുന്ന ജി സ്മാരകത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 44-ാം ചരമദിനത്തിലും ആരംഭിച്ചിട്ടില്ല. ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാർക്കിലെ കൃഷ്ണപിള്ളയുടെ പ്രതിമയ്ക്ക് അദ്ദേഹത്തിന്റെ യഥാർത്ഥ രൂപവുമായി യാതൊരു സാദൃശ്യവുമില്ലെന്ന ആരോപണവുമായി കുടുംബാംഗങ്ങൾ വീണ്ടും രംഗത്തെത്തിയതും വിവാദമായി.

 ജി സ്മാരകം ഇനിയെന്ന്...

പ്രഥമ ജ്ഞാനപീഠ പുരസ്‌കാര ജേതാവായ മഹാകവിയുടെ 44-ാം ചരമദിനമാണ് നാളെ. കാലങ്ങളേറെയായി ജി സ്മാരക നിർമ്മാണം തുടങ്ങുമെന്ന വാഗ്ദാനങ്ങൾ ഉയർന്നിട്ട്. 2017 ഏപ്രിലിൽ ഗോശ്രീ പാലത്തിനടുത്ത് 25സെന്റ് സ്ഥലം കണ്ടെത്തിയെങ്കിലും നിർമ്മാണ ജോലികൾ പലകാരണങ്ങളാൽ വൈകി. ഇത്തവണ ഭരണമേറ്റതിനു പിന്നാലെ മേയർ എം.അനിൽ കുമാറിന്റെ ഇടപെടലോടെ സ്ഥലത്ത് നിന്നിരുന്ന വഴിത്തതർക്കം പരിഹരിക്കപ്പെട്ടു. ഇതോടെ തന്റെ സാഹിത്യ ജീവിതത്തിന്റെ ഏറിയ പങ്കും ചെലവഴിച്ച കൊച്ചിയിൽ ജി സ്മാരകം വേഗത്തിൽ പൂർത്തീകരിക്കപ്പെടുമെന്ന് കരുതിയെങ്കിലും വൃഥാവിലായി. ഇപ്പോഴും കാട് മൂടിയ നിലയിലാണ് ഈ സ്ഥലം. 2003ൽ ആരംഭിച്ച സ്മാരകം സംബന്ധിച്ച ചർച്ചകൾ എന്ന് മുതൽ നിർമ്മാണത്തിലേക്ക് കടക്കുമെന്നതിന് ആർക്കും ഉത്തരമില്ല.

 ചങ്ങമ്പുഴയുടെ പ്രതിമ മാറ്റി സ്ഥാപിക്കണമെന്ന് കുടുംബം

2003 ജനുവരി അഞ്ചിന് എം.വി ദേവൻ അനാച്ഛാദനം ചെയ്ത മഹാകവി ചങ്ങമ്പുഴയുടെ പ്രതിമ അന്നുമുതൽക്കേ വിവാദങ്ങളിലാണ്. കണ്ണൂരി​ൽ സ്ഥാപി​ക്കാൻ തയ്യാറാക്കി​യ മുൻ പ്രതി​രോധമന്ത്രി​ വി.കെ. കൃഷ്ണമേനോന്റെ അർദ്ധകായ പ്രതിമയാണ് പാർക്കിൽ എന്നായിരുന്നു ആദ്യകാല ആരോപണങ്ങളിലൊന്ന്. പ്രതിമ ഇനിയെങ്കിലും മാറ്റി സ്ഥാപിക്കണമെന്ന് ചങ്ങമ്പുഴയുടെ മകൾ ലളിത ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം വീണ്ടും സജീവ ചർച്ചയാകുന്നത്. അച്ഛന്റെ രൂപവുമായി പ്രതിമയ്ക്ക് ഒരു സാദൃശ്യവുമില്ല. മറ്റുള്ള പ്രമുഖരുടെ ഒക്കെ രൂപങ്ങൾ അവരെ പോലെ തന്നെയാണ്. ഇതിന്റെ രൂപമാറ്റം വേദനിപ്പിക്കുന്നതാണ്. നേരത്തെ തന്നെ ഇത് പറയണമെന്ന് കരുതിയിരുന്നു. പുതിയ പ്രതിമ വരുമ്പോഴെങ്കിലും രൂപ സാദൃശ്യമുണ്ടാകട്ടെയെന്ന് ലളിത പറഞ്ഞു.

 വിവാദങ്ങൾ വേണ്ട

പ്രതിമ നിർമ്മിച്ചവർ പോലും അദ്ദേഹത്തെ നേരിൽ കണ്ടിട്ടില്ല. ഫോട്ടോ നോക്കി നിർമ്മിച്ചതിലെ അപാകതയായിരിക്കാം സംഭവിച്ചത്. എന്നിരുന്നാലും പുതിയ പ്രതിമ വരുന്നതിനെ സ്വാഗതം ചെയ്യുന്നു. വിവാദത്തോട് യോജിപ്പില്ല.

ചങ്ങമ്പുഴ ഹരികുമാർ,

ചങ്ങമ്പുഴയുടെ മകൻ ശ്രീകുമാറി​ന്റെ പുത്രൻ