നെടുമ്പാശേരി: ദേശീയപാതയിൽ കരിയാട് വളവിൽ നിയന്ത്രണംവിട്ട കാർ മീഡിയനിലെ ഇലക്ട്രിക് പോസ്റ്റ് തകർത്തു. എയർബാഗ് പ്രവർത്തിച്ചതിനാൽ കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു.

ആലുവയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന മലപ്പുറം കരുവാരക്കുണ്ട് തൂവൂർ സ്വദേശി കാളാമ്പുലാൻ വീട്ടിൽ കെ. നിസാമുദ്ദീനും രണ്ടര വയസ്സുകാരൻ മകനുമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 9.30ഓടെയാണ് അപകടം. അങ്കമാലി ഭാഗത്തുനിന്നുവന്ന കാർ മീഡിയനിലെ പോസ്റ്റിടിച്ച് മറച്ചിടുകയും റോഡിന്റെ മറുവശത്തെത്തുകയും ചെയ്തു. പോസ്റ്റ് ഒടിഞ്ഞ റോഡിന് കുറുകെ വീണതിനാൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. അങ്കമാലി ഫയർഫോഴ്‌സെത്തി വാഹനവും പോസ്റ്റും നീക്കി ഗതാഗതം പുന:സ്ഥാപിച്ചു.

അസി. സ്റ്റേഷൻ ഓഫീസർ എൻ. ജിജിയുടെ നേതൃത്വത്തിലെത്തിയ ഫയർഫോഴ്‌സ് സംഘത്തിൽ സേനാംഗങ്ങളായ പി.വി. പൗലോസ്, വികെ. ബിനിൽ, ജി.പി. ഹരി, ഷൈൻ ജോസ്, എം. രാമചന്ദ്രൻ എന്നിവരുണ്ടായിരുന്നു.