dileep

കൊച്ചി: വധഗൂഢാലോചന കേസിൽ ദിലീപടക്കം നാല് പ്രതികളുടെ ശബ്ദ സാമ്പിളുകൾ ഇന്നോ നാളെയോ ക്രൈംബ്രാഞ്ച് ശേഖരിക്കും. കാക്കനാട്ടെ ആകാശവാണി നിലയത്തിലോ, അവിടത്തന്നെയുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയിലോ ആകും റെക്കോർഡിംഗ്.

ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ്, 'വി.ഐ.പി'യെന്ന് സംശയിക്കുന്ന ശരത് ജി. നായ‌ർ എന്നിവരുടെ ശബ്ദമാണ് ശേഖരിക്കുന്നത്. ദിലീപിന്റെ മാനേജരും നാലാം പ്രതിയുമായ അപ്പു, അഞ്ചാം പ്രതി സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെ ഒഴിവാക്കി. ശബ്ദത്തിൽ വ്യക്തത കുറവുള്ള സാഹചര്യത്തിലാണിത്. ശബ്ദസാമ്പിളിലുള്ളത് ദിലീപിന്റെയും മറ്റുപ്രതികളുടെയും ശബ്ദമാണെന്ന് ഇവരെ വർഷങ്ങളായി പരിചയമുള്ള സംവിധായകരായ റാഫി, വ്യാസൻ എടവനക്കാട്, ദിലീപിന്റെ നിർമ്മാണ കമ്പനിയിലെ ജീവനക്കാ‌ർ എന്നി​വർ സ്ഥിരീകരിച്ചിട്ടുണ്ട്.

33 മണിക്കൂ‌ർ ചോദ്യം ചെയ്യലിനെ നേരിട്ട ദിലീപിനും കൂട്ടുപ്രതികൾക്കും കുരുക്കായത് മൊഴികളിലെ വൈരുദ്ധ്യവും ശബ്ദവുമാണ്. ശബ്ദരേഖ കോടതിയിലും ദിലീപ് നിഷേധിച്ചില്ല. ശാപവാക്കുകളായിരുന്നു എന്നാണ് അറിയിച്ചത്. ചോദ്യം ചെയ്യലിലും ദിലീപ് ഇതേ നിലപാടെടുത്തു. മറ്റു പ്രതികളും തങ്ങളുടെ സംഭാഷണമാണിതെന്ന് സമ്മതിച്ചെന്നാണ് വിവരം.

ശാപവാക്കുകളല്ല, ആളുകളെ അപായപ്പെടുത്തുന്നതിനുള്ള ആഹ്വാനങ്ങളും ഗൂഢാലോചനയുമാണെന്ന് അന്വേഷണസംഘം പറയുന്നു. സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്റെ കൈവെട്ടണമെന്നും മറ്റൊരാളെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്തണമെന്നുമായിരുന്നു പരാമർശം.

അന്നത്തെ റൂറൽ എസ്.പിയുടെ വീഡിയോ ചിത്രത്തിൽ നോക്കിയായിരുന്നു പ്രതികളുടെ സംഭാഷണം. കൊലപാതക രീതിയും ക്വട്ടേഷൻ തുകയും വരെ സുരാജ് സംഭാഷണത്തിൽ പറയുന്നുണ്ട്.