കൊച്ചി: കൊതുക് ശല്യത്തിനെതിരെ ഉണർന്നു പ്രവർത്തിക്കാൻ പുതിയ കർമ്മപദ്ധതിയുമായി കൊച്ചി കോർപ്പറേഷൻ. ഇതിന്റെ ഭാഗമായി നഗരപരിസരത്ത് ആറു വാഹനങ്ങളിലും പടിഞ്ഞാറൻ മേഖലയിൽ നാലു വാഹനങ്ങളിലുമായി ഇന്നലെ മുതൽ ഫോഗിംഗും പവർ സ്‌പ്രേയിംഗും ആരംഭിച്ചതായി മേയർ എം. അനിൽകുമാർ കൗൺസിൽ യോഗത്തിൽ പറഞ്ഞു. രാവിലെ അഞ്ചു മുതൽ ഏഴു വരെ ഫോഗിംഗും 7.30 മുതൽ 12 മണിവരെ അതേയിടത്ത് തന്നെ പവർസ്‌പ്രേയിംഗും നടത്തും. ഇതുകൂടാതെ വാഹനങ്ങൾ കടന്നുചെല്ലാത്ത ഇടറോഡുകളിലും ചതുപ്പ് പ്രദേശങ്ങളിലും വൈകിട്ട് 6 മുതൽ 7.30 വരെ തൊഴിലാളികൾ ഹാൻഡ് സ്‌പ്രേയിംഗ് ചെയ്യും. 74 ഡിവിഷനുകളിലും എല്ലാ ദിവസവും ഈ പ്രവൃത്തി നടത്തുവാനായി തൊഴിലാളികളെ ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യത്തിന് വാഹനങ്ങളും സജ്ജമാക്കി.
കൊതുകുജന്യ പ്രദേശങ്ങളിലെല്ലാം ഏഴു ദിവസത്തെ ഇടവേളയിൽ നിശ്ചിത അളവിൽ മരുന്ന് തളിക്കും. ഒരു മാസത്തിനുള്ളിൽ കൊതുക് ശല്യത്തിന് ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മേയർ പറഞ്ഞു. കൊതുക് വളരുന്നതിന് പ്രധാനകാരണമായ വെന്റ് പൈപ്പുകളിൽ ലീക്കുള്ള ടോയ്‌ലറ്റുകൾ കണ്ടെത്തി അതടയ്ക്കുന്നതിനായി നെറ്റുകൾ വിതരണം ചെയ്യും. നഗരസഭ ജീവനക്കാരുടെ നേതൃത്വത്തിലാവും ഈ പ്രവർത്തനം. കൊതുക് നശീകരണ പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെടുന്ന തൊഴിലാളികൾക്ക് യൂണിഫോമിന് പുറമെ ഓറഞ്ച് നിറത്തിലുളള കോട്ടുകളും നൽകും.