കൊച്ചി: ഒ.പി കൗണ്ടറിലെ ജീവനക്കാരിക്ക് കൊവി​ഡ് പോസിറ്റീവ് ആയതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലെ ഒ.പി ഇന്നലെ രാവിലെ ഒരു മണിക്കൂറോളം മുടങ്ങി. തി​ങ്കളാഴ്ചത്തി​രക്കി​നി​ടെയുണ്ടായ സംഭവം രോഗി​കളെ വലച്ചു. പൊലീസ് എത്തി​യാണ് സ്ഥി​തി​ നി​യന്ത്രി​ച്ചത്. സാധാരണ തിങ്കളാഴ്ചദിവസം വലിയ തിരക്കുണ്ടാകും. കൂടാതെ പുതുതായി ആരംഭിച്ച ഹൃദയ വിഭാഗത്തിന്റെ ഒ.പിയും തിങ്കളാഴ്ചയായതി​നാൽ ഇന്നലെ തിരക്ക് കൂടാൻ ഇടയാക്കി.

ഞായറാഴ്ച രാത്രി പോസിറ്റീവ് ആയ ജീവനക്കാരി ഇന്നലെ രാവിലെയാണ് വിവരം ആശുപത്രി അധികൃതരെ അറിയിച്ചത്. ഇതുമൂലം മറ്റൊരാളെ ജോലിക്ക് നിയോഗിക്കാനും സാധിച്ചില്ല. നാല് ഒ.പി കൗണ്ടറുകളാണ് ആശുപത്രിയിൽ ഉള്ളത്. ഇതിൽ ഒരണ്ണത്തിന്റെ പ്രവർത്തനമാണ് മുടങ്ങിയത്. എന്നാൽ മണിക്കൂറോളം നിന്നിട്ടും ഒ.പി ടിക്കറ്റ് കിട്ടാത്തതിനെ തുടർന്ന് രോഗികളും കൂട്ടിരിപ്പുകാരും പ്രതിഷേധിച്ചു.

ഒ.പി കൗണ്ടർ മുടങ്ങിയെങ്കിലും ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനം മുടങ്ങിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പല വിഭാഗങ്ങളിലേയും ഡോക്ടർമാരും കൊവിഡ് ബാധിതരായിട്ടുണ്ടെങ്കിലും ഒ.പി മുടങ്ങാത്ത രീതിയിൽ ആശുപത്രിയുടെ പ്രവർത്തനം തുടർന്നുകൊണ്ട് പോകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

 ഒ.പി മുടങ്ങിയത് ഒരു മണിക്കൂറുകൊണ്ട് പരിഹരിച്ചു. ജീവനക്കാരി ഇന്ന് രാവിലെയാണ് പോസറ്റീവ് ആയ വിവരം അറിയിച്ചത്. അതുകൊണ്ടാണ് പകരം ആളെ നിയോഗിക്കാൻ താമസിച്ചത്. നിലവിൽ ആശുപത്രിയിൽ ഡോക്ട‌ർമാർ അടക്കം നൂറിലധികം ആളുകൾക്ക് കൊവിഡ് പോസിറ്റീവ് ആണ്."

ഡോ. എ. അനിത

സൂപ്രണ്ട്, ജനറൽ ആശുപത്രി എറണാകുളം