ആലങ്ങാട്: കരുമാല്ലൂർ മാഞ്ഞാലിയിൽ ഗുണ്ടാസംഘം സഹോദരങ്ങളെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാനാകാതെ പൊലീസ്. ഇവർവന്ന രണ്ട് ബൈക്കുകളുടെ ഉടമകളെ മാത്രമാണ് ഇതുവരെ പൊലീസിന് കണ്ടെത്താനായത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ മാട്ടുപുറം എരമംഗലത്ത് ഷാനവാസ് (42) അപകടനില തരണം ചെയ്തിട്ടുണ്ട്. സഹോദരൻ നവാസിനും പരിക്കേറ്റിരുന്നു. ശനിയാഴ്ച രാത്രി പത്തരയോടെയാണ് ആക്രമണം. രണ്ട് ബൈക്കുകളിലെത്തിയ ആറംഗസംഘമാണ് ആക്രമിച്ചതെന്ന് പറയുന്നു.
ഗൾഫിൽ ഡ്രൈവറായി ജോലിചെയ്യുന്ന ഷാനവാസ് ഇന്നലെ തിരികെ പോകാനിരിക്കുകയായിരുന്നു. ഷാനവാസിന്റെ വീട് സന്ദർശിച്ച മന്ത്രി പി. രാജീവ് ആക്രമണത്തെ അപലപിക്കുകയും പ്രതികളെ ഉടൻ പിടികൂടുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. മാഞ്ഞാലി മേഖലയിൽ ശക്തമായിക്കൊണ്ടിരിക്കുന്ന ലഹരിമാഫിയക്കെതിരേ ശക്തമായ നടപടി വേണമെന്ന് സി.പി.എം കരുമാല്ലൂർ ലോക്കൽ സെക്രട്ടറി വി.സി. അഭിലാഷ് ആവശ്യപ്പെട്ടു. ലഹരി മാഫിയയുടെ വിളയാട്ടം ആഭ്യന്തരവകുപ്പിന്റെ പരാജയമാണെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് പ്രതിപക്ഷ അംഗവുമായ എ.എം. അലി പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.ഐ നേതാവുമായ ജോർജ് മേനാച്ചേരി ആലുവ വെസ്റ്റ് പൊലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരേ നേരത്തെതന്നെ പരാതി ഉന്നയിച്ചിട്ടുണ്ട്.