ഫോർട്ടുകൊച്ചി: കൊച്ചിയിലെ കൊതുകുശല്യത്തിനെതിരെ പ്രതിഷേധം ഉയരുമ്പോൾ നഗരസഭ സോണൽ ഓഫീസിന്റെ മൂക്കിനു താഴെ ദുർഗന്ധം വമിക്കുന്ന 'കൊതുകുവളർത്തൽ" കേന്ദ്രം അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്നു. കടപ്പുറത്തിന്റെ പ്രവേശന കവാടത്തോട് ചേർന്ന് ചീനവലകൾക്ക് സമീപമാണ് ഈ കാഴ്ച്ച. ഫോർട്ടുകൊച്ചിയിലെ കാനകളിൽ നിന്നും ഒഴുകിയെത്തുന്ന മലിനജലം കെട്ടിക്കിടക്കുകയാണ് ഇവിടെ. മാസങ്ങളോളം കെട്ടിക്കിടന്നതോടെയാണ് ദുർഗന്ധം വമിക്കുന്നത്. ദുർഗന്ധം മൂലം കമാലക്കടവിൽ നിന്ന് നടപ്പാതയിലൂടെ കടപ്പുറത്തേക്ക് നടക്കാൻ കഴിയാത്ത അവസ്ഥയാണ്. സന്ധ്യയായി കഴിഞ്ഞാൽ പശ്ചിമകൊച്ചി കൊതുക് പടയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഫോഗിംഗും മരുന്നുതളിയും നഗരസഭ തുടർന്നാൽ മാത്രമേ ഇതിനൊരു ശാശ്വത പരിഹാരം കാണാൻ കഴിയൂ എന്നാണ് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. വൃത്തിയാക്കാത്ത കാനകളും തോടുകളും കൊതുക് പെരുകാൻ സാഹചര്യം ഒരുക്കുന്ന സ്ഥിതിയാണ്. വർഷംതോറും ഇതിനായി ലക്ഷങ്ങൾ നീക്കിവച്ചിട്ടും അത് യഥാസമയം ചെലവഴിക്കാത്തതു മൂലമാണ് കൊതുക് പെരുകാൻ കാരണമായത്. ഇതിനെതിരെ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുമെന്ന് കൊച്ചിയിലെ വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകി.