യാദൃശ്ചികതയുടെ കരം ഗ്രഹിച്ചാണ് ഡോ. തേവന്നൂർ മണിരാജിന്റെ അഞ്ചൽ ഏരൂരിലുള്ള വീട്ടിലെത്തിയത്. കാലത്തിന്റെ കൈകടത്തലിൽ പോലും പൊട്ടാതെ സൂക്ഷിക്കുന്ന സൗഹൃദത്തിന്റെ നൂലിഴ ഒന്നുകൂടി ബലപ്പെടുത്താനുള്ള മോഹവുമായാണ് ഞാൻ ചെന്നത്. മുറ്റത്ത് ചെടികളോട് സല്ലപിക്കുന്ന സഹധർമ്മിണി പ്രസന്ന ടീച്ചർ. നിറപുഞ്ചിരിയുമായി സ്വാഗതമോതി ഡോ. തേവന്നൂർ മണിരാജ്.കൊട്ടാരക്കരയ്ക്കടുത്തുള്ള തേവന്നൂർ എന്ന ഉൾനാടൻ ഗ്രാമത്തിൽ കൃഷ്ണൻ ഗോപാലന്റെയും കുണ്ടറ മാട്ടയിൽ ഭാർഗവിയുടെയും ആറ് മക്കളിൽ ഒരാളായി ജനനം. തോടും കുളങ്ങളും കാവുകളും പിന്നെ മുക്കിന് മുക്കിന് നാടൻ ചായക്കടകളുമൊക്കെയുള്ള മരതക മോഹിനിയായ നാട്. ഇവിടത്തെ സർക്കാർ സ്കൂളിലാണ് ഏഴാം ക്ളാസ് വരെ അദ്ദേഹം പഠിച്ചത്. തുടർന്ന് വാളകം മാർത്തോമ്മാ ഹൈസ്കൂളിൽ നിന്ന് പത്താം ക്ളാസ് പാസായി. കോളേജ് വിദ്യാഭ്യാസത്തിനുള്ള സാഹചര്യ കുറവുമൂലം എഴുകോണിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ചേർന്ന് മലയാളം വിദ്വാൻ പരീക്ഷ പാസായി.
പതിനെട്ട് വയസുമാത്രം പ്രായമുള്ളപ്പോഴാണ് വാളകത്ത് ആർ. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള രാമവിലാസം സ്കൂളിൽ അദ്ധ്യാപകനായി നിയമനം ലഭിക്കുന്നത്. അന്ന് അദ്ധ്യാപകർക്ക് ഗവൺമെന്റ് അനുമതിയോടെ മാത്രമേ പ്രൈവറ്റായി ബിരുദം എടുക്കാൻ കഴിയുമായിരുന്നുള്ളൂ. ഈ കടമ്പകളെല്ലാം കടന്ന് മലയാളം ബി.എ, എം.എ, ബി.എഡ്, എം.എഡ് എന്നീ ബിരുദങ്ങൾ കൈപ്പിടിയിലൊതുക്കി. പിന്നത്തെ ലക്ഷ്യം പി.എച്ച്ഡി ആയിരുന്നു. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ തടസങ്ങൾ വഴിമാറി. ഡോക്ടറേറ്റ് അദ്ദേഹത്തെ തേടിയെത്തി.
സ്കൂളിൽ നിന്ന് വിരമിച്ചശേഷം അദ്ദേഹം കൂടുതൽ ഉൗർജസ്വലനായി മാറുകയായിരുന്നു. അദ്ധ്യാപകരെ വാർത്തെടുക്കുന്ന ട്രെയിനിംഗ് കോളേജുകളുടെ പ്രിൻസിപ്പൽ പദവിയിലിരുന്ന് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചത് ഈ കാലയളവിലായിരുന്നു. കോഴിക്കോട് പേരാമ്പ്ര, പുൽപ്പള്ളി എന്നിവിടങ്ങളിലെ പ്രവർത്തനമികവ് പ്രശംസനീയമാണ്.പതിനഞ്ചിൽപ്പരം വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ആരേയും അമ്പരപ്പിക്കുന്ന നേട്ടങ്ങളുടെ പരമ്പരയാണ്.
മലയാളം, ഹിസ്റ്ററി, സോഷ്യോളജി, ഇംഗ്ളീഷ്, ഇക്കണോമിക്സ്, പൊളിറ്റിക്സ്, എഡ്യുക്കേഷൻ, ഫിലോസഫി,ജേർണലിസം ആന്റ് മാസ് കമ്യൂണിക്കേഷൻ,എഡ്യുക്കേഷൻ, ഗാന്ധിയൻ ചിന്ത, പബ്ളിക് അഡ്മിനിസ്ട്രേഷൻ, ഇവന്റ് മാനേജ്മെന്റ്, ഹ്യൂമൻ റൈറ്റ്സ് , പേഴ്സണൽ മാനേജ്മെന്റ് അങ്ങനെ നീളുന്നു. ഡിലിറ്റിനായി തയ്യാറെടുക്കുമ്പോഴും ബിരുദാനന്തര ബിരുദങ്ങളുടെ പുതിയ മേച്ചിൽപുറങ്ങൾ തിരയുകയാണദ്ദേഹം.കവിതയാണെന്ന് മനസിലാകാതെ തന്നെ കവിത എഴുതിയിരുന്നു. നാലാം ക്ളാസിൽ പഠിക്കുമ്പോൾ അദ്ധ്യാപകരാണ്. അത് കവിതയാണെന്ന് പറഞ്ഞത്. എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ നാടകമെഴുതി കൂട്ടുകാരോടൊപ്പം അഭിനയിച്ച് കാണികളെ അമ്പരപ്പിച്ചു. നാടകാന്തം കവിത്വം എന്ന ചൊല്ല് അദ്ദേഹത്തിൽ നിന്ന് ഒഴിഞ്ഞുമാറി നടന്നു എന്നുവേണം കരുതാൻ. 'ബാഷ്പഗംഗ" എന്ന കൃതി പ്രസിദ്ധീകരിച്ചത് പതിനെട്ടാമത്തെ വയസിലാണ്. ഭാവനാവിലസിതമായൊരു മനോഹര കാവ്യമായി സഹൃദയ ലോകം അന്നും ഇന്നും നെഞ്ചേറ്റുന്നു. ആ വർഷം തന്നെ കരിമരുന്നു തൊഴിലാളികളുടെ പൊള്ളുന്ന ജീവിത യാഥാർത്ഥ്യങ്ങളെ പ്രമേയമാക്കി 'അഗ്നിശാല" എന്ന നാടകം പുറത്തുവന്നു. 'വെടിക്കെട്ട്" എന്ന പേരിൽ ഇത് സിനിമയായി. തിരക്കഥയും രണ്ട് ഗാനങ്ങളും രചിച്ചതിനൊപ്പം അഭിനയത്തിലും പങ്കാളിയായി. യേശുദാസും വാണിജയറാമും പാടി ഹിറ്റാക്കിയ പാട്ടുകൾ മലയാളി മനസുകളിൽ ഇന്നും പൊലിയാതെ നിൽക്കുന്നു.
അരനൂറ്റാണ്ടിലധികം നീണ്ട സാഹിത്യ സപര്യയ്ക്കിടയിൽ വിവിധങ്ങളായ മേഖലകളിലായി അറുപതോളം പുസ്തകങ്ങൾ പ്രകാശിതമായിട്ടുണ്ട്. ഒരു പതിനഞ്ച് കൃതികൾ അണിയറയിൽ അക്ഷരത്തോണിയേറാൻ അണിഞ്ഞൊരുങ്ങുന്നു.
ഇനി എത്ര ചുവടുകൾ, ഗുഹൻ തോണി തുഴയുന്നു... എന്ന കൃതികൾ ഉന്നത നിലവാരം പുലർത്തുന്നു. കെ. ആർ. നാരായണന്റെ ജീവചരിത്രം മറ്റൊരു നാഴികകല്ലാണ്. ബാലസാഹിത്യം അതിലേറെ മെച്ചമാണ്. അങ്ങനെ ഓരോ കൃതിയും പരിശോധിച്ചാൽ ഒന്നും മാറ്റി വയ്ക്കാൻ സാദ്ധ്യമല്ലെന്നു കാണാം. കടയ്ക്കൽ കർഷക സമരത്തെ അടിസ്ഥാനമാക്കി രചിച്ച നാടകം 'കൊടുങ്കാറ്റൂതിയ ഗ്രാമം" ബൈബിളിനെ ആധാരമാക്കി എഴുതിയ 'കുരിശിന്റെ മൗനം" എന്നീ കൃതികളും ശ്രദ്ധേയമാണ്.
ശ്രദ്ധേയമായ നിരവധി പുരസ്കാരങ്ങൾ ഇതിനകം അദ്ദേഹത്തെ തേടിയെത്തി കഴിഞ്ഞു. മികച്ച അദ്ധ്യാപകനുള്ള പുരസ്കാരവും ലഭിച്ചു. എം.ജി സർവകലാശാലയിലെ ശ്രീനാരായണഗുരു ചെയറിന്റെ അദ്ധ്യക്ഷനായിരുന്നുകൊണ്ട് നിർവഹിച്ച സേവനമാണ് ഏറ്റവും മഹത്തരം എന്നുവേണം കരുതാൻ. മതനിരപേക്ഷതയുടെ ശില്പിയായ മഹാഗുരുവിന്റെ ദർശനം സാക്ഷാത്കരിക്കാനുള്ള യത്നം, അതിനായി നടപ്പിലാക്കിയ കർമ്മ പദ്ധതികൾ ഒക്കെ ജാതിമത ഭേദമന്യേ ഏവരുടേയും പ്രശംസ പിടിച്ചുപറ്റിയ സംഭവ പരമ്പരകളായിരുന്നു. സാമൂഹ്യവും കലാപരവും വൈജ്ഞാനികവുമായ അനേകം സംഘടനകളുടെ അഖില കേരള അമരക്കാരൻ കൂടിയാണിദ്ദേഹം. ഈ മഹോന്നത വ്യക്തിത്വത്തിന് താങ്ങും തണലുമായി കുടുംബം കൂടെ നിൽക്കുന്നു എന്നതും എടുത്തുപറയണം. രശ്മിരാജും രമ്യാരാജുമാണ് മക്കൾ.