തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. കാര്യവട്ടം ആലംകോട് മഠത്ത് വീട്ടിൽ പ്രദീപ് (39), മേനംകുളം കല്പന വാർഡ് വിളയിൽവീട്ടിൽ ഞണ്ട് എന്ന് വിളിക്കുന്ന മണിയൻ (42), കഴക്കൂട്ടം വടക്കുംഭാഗം മണക്കാട്ടു വിളാകം വീട്ടിൽ കുണ്ട്രു എന്ന സുബൈർ (44) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്കായിരുന്നു മോഷണം. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് എതിർവശത്ത് നിർമ്മാണം നടക്കുന്ന എലിവേറ്റഡ് ഹൈവേയുടെ പില്ലറുകൾക്കിടയിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് ബ്രാക്കറ്റുകൾ പ്രതികൾ മോഷ്ടിച്ചെടുക്കുകയായിരുന്നു. നിർമ്മാണ കമ്പനി മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ കഴക്കൂട്ടം എസ്.എച്ച്.ഒ ജെ.എസ്. പ്രവീൺ, എസ്.ഐ മാരായ മിഥുൻ, ജിനു, എസ്.സി.പി.ഒ ബൈജു, സി.പി.ഒമാരായ ചിന്നു, ശ്യാം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.