forex

കൊച്ചി: റെക്കാഡ് മുന്നേറ്റത്തിന് വിടപറഞ്ഞ് ഇന്ത്യയുടെ വിദേശ നാണയശേഖരം തുടർച്ചയായി താഴ്‌ന്നു. ഡിസംബർ 24ന് സമാപിച്ച ആഴ്‌ചയിൽ 58.7 കോടി ഡോളർ ഇടിഞ്ഞ് ശേഖരം 63,508 കോടി ഡോളറിലെത്തിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ഡിസംബർ 17ന് സമാപിച്ചവാരത്തിൽ 16 കോടി ഡോളറിന്റെ ഇടിവും നേരിട്ടിരുന്നു. കഴിഞ്ഞ സെപ്‌തംബർ മൂന്നിന് കുറിച്ച 64,245.3 കോടി ഡോളറാണ് വിദേശ നാണയ ശേഖരത്തിന്റെ എക്കാലത്തെയും ഉയരം.

കഴിഞ്ഞമാസാന്ത്യം വിദേശ നാണയ ആസ്‌തി (എഫ്‌.സി.എ) 84.7 കോടി ഡോളർ താഴ്‌ന്ന് 57,136.9 കോടി ഡോളറിലെത്തി. കരുതൽ സ്വർണശേഖരം 20.7 കോടി ഡോളർ മെച്ചപ്പെട്ട് 3,939 കോടി ഡോളറായി. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും യൂറോ, യെൻ, പൗണ്ട് എന്നിവയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും വിദേശ നാണയശേഖരത്തെ സ്വാധീനിക്കും.