
കൊച്ചി: സാമ്പത്തിക ഞെരുക്കത്തിലായിരുന്ന ടെലികോം കമ്പനികൾക്ക് കരുത്തായി പ്രീ-പെയ്ഡ് കാൾ, ഡേറ്റാപാക്ക് നിരക്കുവർദ്ധന. ഓരോ ഉപഭോക്താവിൽ നിന്ന് ശരാശരി നേടുന്ന വരുമാനവും (എ.ആർ.പി.യു - ആവറേജ് റവന്യു പെർ യൂസർ) കമ്പനികളുടെ മൊത്തത്തിലുള്ള വരുമാനവും മികച്ച വളർച്ചയാണ് നടപ്പുവർഷം (2021-22) മൂന്നാംപാദമായ ഒക്ടോബർ-ഡിസംബറിൽ കുറിച്ചതെന്ന് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിന്റെ റിപ്പോർട്ട് വിലയിരുത്തി.
കഴിഞ്ഞ നവംബറിലാണ് രാജ്യത്തെ ടെലികോം കമ്പനികളായ ഭാരതി എയർടെൽ, വൊഡാഫോൺ-ഐഡിയ (വീ), റിലയൻസ് ജിയോ എന്നിവ കാൾ, ഡേറ്റാ നിരക്കുകൾ കൂട്ടിയത്. രണ്ടാംപാദമായ ജൂലായ്-സെപ്തംബറിൽ എയർടെല്ലിന്റെ എ.ആർ.പി.യു 153 രൂപയായിരുന്നു. നിരക്ക് കൂട്ടിയതോടെ ഇത് ഏഴ് ശതമാനം ഉയർന്ന് ഡിസംബർപാദത്തിൽ 164 രൂപയായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
ജിയോയുടെ എ.ആർ.പി.യു 144 രൂപയിൽ നിന്ന് അഞ്ചു ശതമാനം മെച്ചപ്പെട്ട് 151 രൂപയായി. വീയുടേത് 109 രൂപയിൽ നിന്ന് 114 രൂപയായിട്ടുണ്ട്; വളർച്ച 4.20 ശതമാനം. ഭാരതി എയർടെല്ലിന്റെ മൊത്തവരുമാനം ഡിസംബർപാദത്തിൽ 2.50 ശതമാനം ഉയരും. ജിയോ 4.30 ശതമാനവും വീ 2.60 ശതമാനവും വളർച്ച നേടും. ജിയോയുടെ ലാഭം 9.30 ശതമാനം വർദ്ധിക്കും. വീയുടെ നഷ്ടം കുറയും. എയർടെൽ ലാഭത്തിൽ തുടരുമെങ്കിലും മുൻപാദത്തേക്കാൾ കുറയും.
വരിക്കാരെ കൂട്ടി ജിയോ
കഴിഞ്ഞ രണ്ട് പാദങ്ങളെ അപേക്ഷിച്ച് റിലയൻസ് ജിയോയുടെ പ്രീ-പെയ്ഡ് പാക്ക്നിരക്ക് 99 രൂപയിൽ നിന്ന് ഇരട്ടിയോളം വർദ്ധിച്ചെങ്കിലും ഉപഭോക്താക്കളുടെ ഇഷ്ട ബ്രാൻഡായി ജിയോ തുടരുകയാണെന്ന് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിന്റെ റിപ്പോർട്ട് പറയുന്നു. ഡിസംബർപാദത്തിൽ വരിക്കാരുടെ എണ്ണമുയർത്തിയ ഏക കമ്പനി ജിയോയാണ്.
 പുതുതായി 50 ലക്ഷം പേരെ ചേർത്ത ജിയോയുടെ മൊത്തം വരിക്കാർ 43.5 കോടി കവിയും.
 ഗൂഗിളുമായി ചേർന്ന് നിർമ്മിച്ച ജിയോഫോൺ നെക്സ്റ്റ് 4ജി ഫോണാണ് ജിയോയ്ക്ക് കരുത്തായത്.
 എയർടെല്ലിന്റെ വരിക്കാർ 1.5 ശതമാനം കുറഞ്ഞ് 31.5 കോടിയാകും.
 വീയുടെ വരിക്കാർ രണ്ടുശതമാനം കുറഞ്ഞ് 24.8 കോടിയിലെത്തും.
25%
നവംബർ അവസാനവാരമാണ് ടെലികോം കമ്പനികൾ കാൾ, ഡേറ്റാ പ്രീ-പെയ്ഡ് പാക്ക്നിരക്കുകൾ 20-25 ശതമാനം കൂട്ടിയത്.
എ.ആർ.പി.യു
ഉപഭോക്താക്കളിൽ നിന്ന് നേടുന്ന ശരാശരി വരുമാനമാണ് (എ.ആർ.പി.യു) ടെലികോം കമ്പനികളുടെ സമ്പദ്സ്ഥിതിയുടെ നട്ടെല്ല്. ഡിസംബർപാദത്തിലെ എ.ആർ.പി.യു പ്രതീക്ഷയും വളർച്ചയും ഇങ്ങനെ:
 ഭാരതി എയർടെൽ : ₹164 (7%)
 റിലയൻസ് ജിയോ : ₹151 (5%)
 വൊഡാ-ഐഡിയ : ₹114 (4.2%)