india-gdp

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2020-21) നെഗറ്റീവ് 7.3 ശതമാനത്തിൽ നിന്ന് നടപ്പുവർഷം (2021-22) ഇന്ത്യ പോസിറ്റീവ് 9.2 ശതമാനം മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളർച്ച രേഖപ്പെടുത്തിയേക്കുമെന്ന് നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ് ഓഫീസ് (എൻ.എസ്.ഒ) പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി. ഇന്ത്യ 9.5 ശതമാനം വളരുമെന്നാണ് റിസർവ് ബാങ്ക് പ്രവചിച്ചിട്ടുള്ളത്.

നോമിനൽ ജി.ഡി.പി (നാണയപ്പെരുപ്പം കണക്കാക്കാതെയുള്ള വളർച്ച) കഴിഞ്ഞവർഷത്തെ നെഗറ്റീവ് മൂന്നു ശതമാനത്തിൽ നിന്ന് ഈവർഷം പോസിറ്റീവ് 17.6 ശതമാനത്തിലേക്ക് കുതിക്കും. കേന്ദ്രം ബഡ്‌ജറ്റിൽ ലക്ഷ്യമിട്ട വളർച്ച 14.4 ശതമാനമാണ്. നികുതിവരുമാനം കഴിച്ചുള്ള ജി.ഡി.പി വളർച്ചയായ ഗ്രോസ് വാല്യു ആഡഡ് (ജി.വി.എ) 6.2 ശതമാനത്തിൽ നിന്ന് 8.6 ശതമാനമാകുമെന്നും റിപ്പോർട്ടിലുണ്ട്.

17 വർഷം

നടപ്പുവർഷം ഇന്ത്യ 9.2 ശതമാനം വളർന്നാൽ അത് കഴിഞ്ഞ 17 വർഷത്തിനിടയിലെ ഏറ്റവും ഉയരമായിരിക്കും.

1.3%

നടപ്പുവർഷം ജി.ഡി.പി മൂല്യം 147.5 ലക്ഷം കോടി രൂപയായിരിക്കുമെന്നാണ് വിലയിരുത്തൽ. ഇത് 2019-20ലെ 145.7 ലക്ഷം കോടി രൂപയേക്കാൾ 1.3 ശതമാനം അധികമായിരിക്കും.

കൃഷിയും നിർമ്മാണവും

ജി.ഡി.പിയിൽ നിർണായകപങ്കുള്ള വിവിധ മേഖലകളുടെ വളർച്ചാപ്രതീക്ഷ: (ബ്രായ്ക്കറ്റിൽ കഴിഞ്ഞവർഷത്തെ വളർച്ച)

 കാർഷികം : 3.9% (3.6%)

 മാനുഫാക്ചറിംഗ് : 12.5% (-7.2%)

 നിർമ്മാണം : 10.7% (-8.6%)

 ധനകാര്യം : 4% (-1.5%)

9.2%

നടപ്പുവർഷം 9.2 ശതമാനം വളർന്നാൽ ലോകത്ത് അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന പട്ടം ഇന്ത്യ നിലനിറുത്താൻ സാദ്ധ്യതയേറെ.

₹1,06,975

നടപ്പുവർഷം ആളോഹരി വരുമാനം 1.06 ലക്ഷം രൂപയായിരിക്കും. 2019-20ൽ ഇത് 1.07 ലക്ഷം രൂപയായിരുന്നു.