forex

മുംബയ്: ഇന്ത്യയുടെ വിദേശ നാണയ ശേഖരം കഴിഞ്ഞ ഏതാനും ആഴ്ചകളായി നേരിടുന്നത് കനത്ത നഷ്‌ടം. ഡിസംബർ 31ന് അവസാനിച്ച ആഴ്‌ചയിൽ 146.6 കോടി ഡോളർ ഇടിഞ്ഞ് ശേഖരം 63,361.4 കോടി ഡോളറിലെത്തി. തൊട്ടുമുമ്പത്തെ ആഴ്‌ചയിൽ നഷ്‌ടം 58.7 കോടി ഡോളറായിരുന്നു.

വിദേശ നാണയ ആസ്‌തി (എഫ്.സി.എ) 148 കോടി ഡോളർ ഇടിഞ്ഞ് 56,988.9 കോടി ഡോളറായി. അതേസമയം, കരുതൽ സ്വർണശേഖരം തുടർച്ചയായി ഉയരുകയാണ്. ഡിസംബർ അവസാനവാരം ഇത് 1.40 കോടി ഡോളർ മെച്ചപ്പെട്ട് 3,940.5 കോടി ഡോളറിലെത്തി. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയും വിദേശ നാണയ ശേഖരത്തിലുണ്ട്. ഇവയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും വിദേശ നാണയശേഖരത്തെ സ്വാധീനിക്കും.

$64,245.3 കോടി

കഴിഞ്ഞവർഷം സെപ്തംബർ മൂന്നിന് കുറിച്ച 64,245.3 കോടി ഡോളറാണ് വിദേശ നാണയശേഖരത്തിന്റെ എക്കാലത്തെയും ഉയരം.