
കൊച്ചി: പ്രമുഖ ഇറ്റാലിയൻ സൂപ്പർ കാർ നിർമ്മാതാക്കളായ ലംബോർഗിനി 2022ൽ ഇന്ത്യയിൽ ഉന്നമിടുന്നത് റെക്കാഡ് വല്പന. 2019ൽ നേടിയ 52 യൂണിറ്റുകളുടെ വില്പനയാണ് നിലവിലെ റെക്കാഡ്. 3.16 കോടി രൂപ മുതൽ വിലവരുന്ന സൂപ്പർ ലക്ഷ്വറി കാറുകളാണ് കമ്പനിക്ക് ഇന്ത്യൻ വിപണിയിലുള്ളത്.
2021ൽ (ജനുവരി-സെപ്തംബർ) ആഗോളതലത്തിൽ 2020ലെ സമാനകാലത്തേക്കാൾ 23 ശതമാനം വളർച്ചയോടെ കമ്പനി 6,902 കാറുകൾ വിറ്റഴിച്ചിരുന്നു. ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യ-പസഫിക് മേഖലയിൽ വളർച്ച 28 ശതമാനമാണ്.
കഴിഞ്ഞവർഷത്തിന്റെ തുടക്കത്തിൽ കൊവിഡ് രണ്ടാംതരംഗം മൂലം ഇന്ത്യയിൽ പ്രതികൂലസ്ഥിതികളുണ്ടായി. എന്നാൽ, ഉത്സവകാലം നിറഞ്ഞ ഒക്ടോബർ മുതൽ ലംബോർഗിനി മികച്ച വില്പനനേട്ടം കുറിക്കുന്നുണ്ട്. ഇതേ ട്രെൻഡ് ഈവർഷവും തുടരുമെന്നും വില്പന പുതിയ റെക്കാഡ് കുറിക്കുമെന്നുമാണ് ലംബോർഗിനിയുടെ പ്രതീക്ഷകൾ.
ഇന്ത്യയിൽ സാന്നിദ്ധ്യമറിയിച്ചശേഷം 300 യൂണിറ്റുകളുടെ വില്പനയാണ് ഈ അത്യാഡബംര ബ്രാൻഡ് നേടിയത്. 300-ാം യൂണിറ്റ് വില്പന 2021ലായിരുന്നു.