siam

കൊച്ചി: സെമികണ്ടക്‌ടർ ക്ഷാമം മൂലം ഉത്‌പാദനം കുറഞ്ഞതോടെ ഡിസംബറിലും ആഭ്യന്തര വാഹന വിപണി മൊത്തവില്പനയിൽ നേരിട്ടത് കനത്ത നഷ്‌ടം.
പാസഞ്ചർ ശ്രേണിയിൽ 2020 ഡിസംബറിനേക്കാൾ 13 ശതമാനമാണ് കഴിഞ്ഞമാസത്തെ നഷ്‌ടമെന്നും ഇത് അഞ്ചുവർഷത്തിനിടയിലെ ഏറ്റവും മോശം വില്പനയാണെന്നും വാഹന നിർമ്മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (സിയാം)​ വ്യക്തമാക്കി.
2.19 ലക്ഷം പാസഞ്ചർ വാഹന യൂണിറ്റുകളാണ് കഴിഞ്ഞമാസം പുതുതായി ഫാക്‌ടറികളിൽ നിന്ന് ഡീലർഷിപ്പുകളിലെത്തിയത്. 2020 ഡിസംബറിൽ ഇത് 2.52 ലക്ഷം യൂണിറ്റുകളായിരുന്നു. മൈക്രോചിപ്പ് (സെമികണ്ടക്‌ടർ)​ ക്ഷാമമാണ് വാഹന നിർമ്മാതാക്കളെ വലയ്ക്കുന്നത്.
ഉപഭോക്താക്കളിൽ നിന്ന് ആവശ്യത്തിലേറെ ഡിമാൻഡുണ്ട്. എന്നാൽ,​ ചിപ്പ് ക്ഷാമം മൂലം അതിനനുസരിച്ച് ഉത്‌പാദനം നടക്കുന്നില്ല. പുത്തൻ കാറുകളിലെ ഇൻഫോടെയ്ൻമെന്റ് സ്ക്രീനുകൾ,​ വിവിധ സെൻസറുകൾ തുടങ്ങിയ ഫീച്ചറുകൾക്ക് വേണ്ട അടിസ്ഥാന ഘടകമാണ് ചിപ്പുകൾ. നിലവിൽ ഇന്ത്യ മൈക്രോ ചിപ്പുകൾ ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യയിൽ തന്നെ ചിപ്പുകൾ നിർമ്മിക്കാനുള്ള പരിശ്രമങ്ങൾക്ക് കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തുടക്കമിട്ടിട്ടുണ്ട്.
ചിപ്പ് ക്ഷാമം ഉടൻ അവസാനിക്കില്ലെന്ന് പറയുമ്പോഴും വിപണിയിലെ മാന്ദ്യം ഇക്കൊല്ലം തന്നെ മാറുമെന്ന പ്രതീക്ഷയാണ് മിക്ക വാഹന നിർമ്മാതാക്കൾക്കുമുള്ളത്.