hilux

കൊച്ചി: വികസിത രാജ്യങ്ങളിൽ വൻ സ്വീകാര്യതയുള്ള മോഡലുകളാണ് പിക്കപ്പ് എസ്.യു.വികൾ. തനത് എസ്.യു.വികൾക്ക് സമാനമായ അകത്തളവും പിന്നിൽ തുറന്ന കാർഗോ ഏരിയയുമാണ് ഇവയുടെ പ്രത്യേകത. ഇന്ത്യയിൽ ഈ ശ്രേണിയിൽ ജാപ്പനീസ് കമ്പനിയായ ഇസുസുവിന്റെ വി-ക്രോസിന്റെ ഏകാധിപത്യമാണ്.

വി-ക്രോസിന്റെ കുത്തകയ്ക്ക് വെല്ലുവിളിയായി ടൊയോട്ട അവതരിപ്പിക്കുന്ന പുത്തൻ പ്രീമിയം പിക്കപ്പ് എസ്.യു.വിയാണ് ഹൈലക്‌സ്. ബുക്കിംഗിന് ടൊയോട്ട ഡീലർഷിപ്പുകളിൽ തുടക്കമായി. വിതരണം ഏപ്രിലിലേ തുടങ്ങൂ.

ഒമ്പതാം തമ്പുരാൻ

ടൊയോട്ട ഹൈലക്‌സിനെ പുത്തൻ മോഡൽ ഒമ്പതാം തലമുറക്കാരനാണ്. 1968ലാണ് ഹൈലക്‌സിനെ ആദ്യമായി ടൊയോട്ട പരിചയപ്പെടുത്തിയത്. പിന്നീട് കെട്ടിലുംമട്ടിലും കാലത്തിനൊത്ത മാറ്റങ്ങളുമായി പുത്തൻ പതിപ്പുകളെത്തി. എട്ട തലമുറകളിലായി രണ്ടുകോടിയിലേറെ ഉപഭോക്താക്കളെ അഞ്ചുദശാബ്ദത്തിനിടെ ഹൈലക്‌സ് സ്വന്തമാക്കി. 180ഓളം രാജ്യങ്ങളിൽ ഹൈല‌ക്‌സിന് സാന്നിദ്ധ്യമുണ്ട്.

4x4 ഡ്രൈവ്

4-വീൽ ഡ്രൈവ് സംവിധാനത്തോട് കൂടിയ കരുത്തേറിയ 2.8 ലിറ്റർ ടർബോ ഡീസൽ എൻജിനാണ് ഹൈലക്‌സിനുണ്ടാവുക. ടൊയോട്ട ഫോർച്യൂണറിലേതിന് സമാനമായ എൻജിനാണിത്. ഹൈലക്‌സിന്റെ രൂപകല്‌പനയിലും ഫോർച്യൂണറിന്റെ സ്വാധീനം കാണാം.

ഹൈലക്‌സിന്റെ 6-സ്‌പീഡ് മാനുവൽ പതിപ്പിൽ എൻജിന്റെ കരുത്ത് 204 എച്ച്.പിയും ടോർക്ക് 420 എൻ.എമ്മുമായിരിക്കും. 204 എച്ച്‌.പി കരുത്തുള്ള 6-സ്പീഡ് ഓട്ടോമാറ്റിക്കിൽ ടോർക്ക് 500 എൻ.എം. എസ്.യു.വിയിലെ യാത്രാസ്വാദനം മാത്രമല്ല, ഓഫ്-റോഡ് യാത്രകൾക്കും പൂർണണായി അനുയോജ്യമാണ് ഹൈലക്‌സ്. ദുർഘടപാതകളെയും അനായാസം താണ്ടാൻ ഹൈലക്‌സിന് കഴിയും.

മസിൽമാൻ ലുക്ക്

വലിയ ക്രോം അതിർവരമ്പുകൾക്കുള്ളിൽ ശക്തമായ ട്രാപ്പെസോയിഡൽ ഗ്രിൽ, വലിയ പ്രൊജക്‌ടർ ഹെഡ്‌ലാമ്പ്, എൽ.ഇ.ഡി ഫോഗ്‌ലാമ്പ്, സൂപ്പർക്രോം അലോയ് വീൽ ഡിസൈൻ, പിന്നിൽ എൽ.ഇ.ഡി കോംബീ ലാമ്പുകൾ, ക്രോം റിയർ ബമ്പർ എന്നിങ്ങനെ കരുത്തുറ്റഘടകങ്ങളുമായി ആകർഷകമായ മസിൽമാൻ ലുക്കാണ് ഹൈലക്‌സിന്.

വിശാലവും ഫീച്ചർ സമ്പന്നവുമായ അകത്തളും ഫോർച്യൂണറിനെ അനുസ്മരിപ്പിക്കും. ഏഴ് എസ്.ആർ.എസ് എയർബാഗുകൾ സുരക്ഷയ്ക്കായുണ്ട്. ഡ്യുവൽ-സോൺ ഓട്ടോ എ.സി., ആംബിയന്റ് ലൈറ്റിംഗ്, എട്ടിഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്‌ൻമെന്റ് സ്‌ക്രീൻ, ജെ.ബി.എൽ സ്പീക്കർ, വയർലെസ് ചാർജിംഗ് എന്നിങ്ങനെയും മികവുകൾ ഒട്ടേറെ.

 5.3 മീറ്ററാണ് ഹൈലക്‌സിന്റെ നീളം. വീതി 1.85 മീറ്ററും ഉയരം 1.81 മീറ്ററും.

 മൂന്നു മീറ്ററാണ് വീൽബേസ്. ഇന്ധനടാങ്കിന്റെ ശേഷി 80 ലിറ്റർ.

 അഞ്ചു മുതിർന്ന സുഖയാത്ര ചെയ്യാവുന്നതാണ് അകത്തളം.

 470 കിലോഗ്രാമാണ് പേലോഡ് കപ്പാസിറ്റി.

അഞ്ചു നിറങ്ങൾ

ഇമോഷണൽ റെഡ്, വൈറ്റ് പേൾ ക്രിസ്‌റ്റൽ ഷൈൻ, സിൽവർ മെറ്റാലിക്, സൂപ്പർ വൈറ്റ്, ഗ്രേ മെറ്റാലിക് നിറങ്ങളിൽ ഹൈലക്‌സ് ലഭിക്കും.

₹30 ലക്ഷം

ഹൈലക്‌സിന്റെ വില ടൊയോട്ട പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും 30 ലക്ഷം രൂപയ്ക്കടുത്ത് പ്രതീക്ഷിക്കാം. ഓൺലൈനിൽ 50,000 രൂപയും ഡീലർഷിപ്പുകളിൽ ഒരുലക്ഷം രൂപയും അടച്ച് ഇപ്പോൾ ബുക്ക് ചെയ്യാം.