
കൊച്ചി: ഇറ്റാലിയൻ ആഡംബര സൂപ്പർകാർ നിർമ്മാതാക്കളായ ഓട്ടോമൊബിലി ലംബോർഗിനിക്ക് ഇന്ത്യയോടുള്ള ഇഷ്‌ടം കൂടുന്നു. ഏഷ്യാ-പസഫിക് മേഖലയിൽ ലംബോർഗിനിക്ക് ഏറ്റവും സ്വീകാര്യതയുള്ള 10 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം മുൻപന്തിയിലാണെന്ന് കമ്പനി വ്യക്തമാക്കുന്നു.
കൊവിഡിലും തളരാതെ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിൽ മികച്ച വില്പനയാണ് ലംബോർഗിനി നേടുന്നത്. 2021ൽ 86 ശതമാനം വളർച്ചയോടെ 69 യൂണിറ്റുകളുടെ വില്പന ലംബോർഗിനി ഇന്ത്യയിൽ സ്വന്തമാക്കി. ചൈന, ജപ്പാൻ, ദക്ഷിണകൊറിയ, തായ്‌ലൻഡ് എന്നിവ കഴിഞ്ഞാൽ മേഖലയിൽ മികച്ച വില്പന കുറിച്ചത് ഇന്ത്യയാണ്.
935 യൂണിറ്റുകൾ വിറ്റഴിഞ്ഞ ചൈനയ്ക്ക് ലോകത്തുതന്നെ രണ്ടാംസ്ഥാനമുണ്ട്. 2,472 യൂണിറ്റുമായി അമേരിക്കയാണ് ഒന്നാമത്. 75 യൂണിറ്റുകളുടെ വില്പനയുമായി തായ്‌ലൻഡാണ് ഇന്ത്യയ്ക്ക് തൊട്ടുമുന്നിലുള്ളത്. 3.16 കോടി രൂപയിൽ ആരംഭിക്കുന്നതാണ് ലംബോർഗിനിക്ക് ഇന്ത്യയിലുള്ള മോഡലുകൾ. പുത്തൻ എസ്,.യു.വിയായ ഉറൂസിന്റേതാണ് മൊത്തം വില്പനയിൽ 50 ശതമാനം പങ്ക്.
ഏഷ്യയിലെ മറ്റേതുവിപണിയേക്കാളും മികച്ച വില്പന കാഴ്‌ചവയ്ക്കാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ടെന്ന് ലംബോർഗിനി ഏഷ്യ-പസഫിക് ഡയറക്‌ടർ ഫ്രാൻസെസ്‌കോ സ്കർഡോനി പറഞ്ഞു.