multivan

കൊച്ചി: വിവിധോദ്ദേശ്യ വാഹന ശ്രേണിയിൽ (എം.പി.വി) ഫോക്‌സ്‌വാഗൻ അവതരിപ്പിച്ച പുത്തൻതാരമായ മൾട്ടിവാനിന്റെ ബുക്കിംഗിന് ബ്രിട്ടനിൽ തുടക്കമായി. ഇന്ത്യയിൽ എന്നെത്തുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ലാത്ത മൾട്ടിവാനിന് ലൈഫ്, സ്‌റ്റൈൽ,​ എനർജറ്റിക് എന്നീ പതിപ്പുകളാണ് ബ്രിട്ടനിലുള്ളത്.

മുൻ മോഡലായ കാരവൽ 6ന്റെ പകരക്കാരനാണ് മൾട്ടിവാൻ. 43,​160 പൗണ്ടാണ് ലൈഫിന് വില. ഏകദേശം 44 ലക്ഷം രൂപ. എനർജറ്റിക്കിന് 59,​515 പൗണ്ട് (60.21 ലക്ഷം രൂപ)​. സ്‌റ്റൈലിന് 58,​130 പൗണ്ട് (58.80 ലക്ഷം രൂപ)​.

മൂന്നാണ് ഹൃദയം

മൂന്ന് എൻജിൻ ഓപ്‌ഷനുകളാണ് മൾട്ടിവാനിനുള്ളത്.

 ഇഹൈബ്രിഡ്

1.4 ലിറ്റർ ടി.എസ്.ഐ പെട്രോൾ എൻജിനൊപ്പം 85 കെ.ഡബ്ള്യു കരുത്തുള്ള ഇലക്‌ട്രിക് മോട്ടോറോടു കൂടിയതാണ് മൾട്ടിവാനിന്റെ പ്ളഗ്-ഇൻ ഇഹൈബ്രിഡ് പതിപ്പ്. 6-സ്പീഡ് ഡ്യുവൽ ക്ളച്ച് ഡി.എസ്.ജി ഗിയർ സംവിധാനമാണുള്ളത്. എൻജിന്റെ സംയോജിത കരുത്ത് 215 ബി.എച്ച്.പി.

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 11.6 സെക്കൻഡ് മതി. 177 കിലോമീറ്ററാണ് ടോപ് സ്പീഡ്. പെട്രോൾ ടാങ്കിന്റെ ശേഷി 45 ലിറ്റർ. 10.4 കെ.ഡബ്ള്യു.എച്ച് ബാറ്ററി ഫുൾ ചാർജ് ചെയ്യാൻ 3.6 മണിക്കൂർ വേണം. ഇലക്‌ട്രിക് കരുത്തിൽ കാർ ഫുൾചാർജിൽ 50 കിലോമീറ്റർ വരെ താണ്ടും.

 1.5 ലിറ്റർ ടി.എസ്.ഐ പെട്രോൾ

136 പി.എസ് കരുത്തുള്ള എൻജിനാണിത്. 7-സ്പീഡ് ഡ്യുവൽക്ളച്ച് ഡി.എസ്.ജി ഗിയർബോക്‌സാണുള്ളത്. ടോർക്ക് 220 എൻ.എം. 13.5 സെക്കൻഡ് മതി പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം നേടാൻ. 181 കിലോമീറ്ററാണ് ടോപ് സ്പീഡ്. ഇന്ധനടാങ്ക് ശേഷി 60 ലിറ്റർ.

 2.0 ലിറ്റർ ടി.എസ്.ഐ പെട്രോൾ

7-സ്പീഡ് ഡ്യുവൽക്ളച്ച് ഡി.എസ്.ജി ഗിയർബോക്‌സാണുള്ളത്. കരുത്ത് 204 പി.എസ്. ടോർക്ക് 320 എൻ.എം. 9.4 സെക്കൻഡുകൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം നേടും. പരമാവധി വേഗം 200 കിലോമീറ്റർ. ഇന്ധനടാങ്ക് ശേഷി 60 ലിറ്റർ. 2.0 ടി.‌ഡി.ഐ ഡീസൽ എൻജിൻ പതിപ്പും വൈകാതെ ഫോക്‌സ്‌വാഗൻ പുറത്തിറക്കിയേക്കും.

വിശാലം, സൗഹൃദം

ഏറെ വിശാലമാണ് മൾട്ടിവാനിന്റെ അകത്തളം. 4.9 മുതൽ 5.1 മീറ്റർവരെ നീളമാണ് മൾട്ടിവാൻ വേരിയന്റുകൾക്കുള്ളത്. ഉപഭോക്തൃസൗഹൃദവുമാണ് കാബിൻ. എടുത്തുമാറ്റി ക്രമീകരിക്കാവുന്നതാണ് സീറ്റുകൾ. രണ്ടാംനിര സീറ്റുകൾ 180 ഡിഗ്രി തിരിക്കാം. ഇത്,​ മുഖത്തോട് മുഖംനോക്കി ഇരുന്ന് കുശലംപറഞ്ഞ് യാത്ര ചെയ്യാൻ സഹായിക്കും.

സീറ്റുകളുടെ മദ്ധ്യത്തിൽ ഒരു മൾട്ടി ഫംഗ്‌ഷൻ ടേബിളുണ്ട്. ഇത്,​ ഏത് നിര സീറ്റിലേക്കും നീക്കാനാകും. സ്‌റ്റോറേജ് ബിൻ,​ കപ്പ് ഹോൾഡറുകൾ എന്നിവയുള്ള ടേബിൾ എടുത്തുമാറ്റാം; ഉയരം ക്രമീകരിക്കാം. 469 ലിറ്ററാണ് ബൂട്ട്‌സ്പേസ് (ലഗേജ് സ്‌പേസ്)​. രണ്ടുംമൂന്നും നിര സീറ്റുകൾ മടക്കിയാൽ ഇത് 4,​000 ലിറ്ററാകും.

അഴകുള്ള വാൻ

25ഓളം ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങൾ മൾട്ടിവാനിനുണ്ട്. 17/18 ഇഞ്ച് അലോയ് വീലുകൾ,​ സാറ്റലൈറ്റ് നാവിഗേഷൻ,​ മെട്രിക്‌സ് എൽ.ഇ.ഡി ഹെഡ്‌ലൈറ്റ്,​ പ്രൈവസി ഗ്ളാസ്,​ ഹർമൻ കാർഡൺ സൗണ്ട് സിസ്‌റ്റം,​ പനോരമിക് സൺറൂഫ്,​ ഇലക്‌ട്രിക് സ്ളൈഡിംഗ് ഡോറുകൾ,​ 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ളേ,​ 4 കാമറകളോട് 360 ‌ഡിഗ്രി ഏരിയ വ്യൂ,​ 30 കളർ ആംബിയന്റ് ലൈറ്റിംഗ് എന്നിങ്ങനെയും ആകർഷണങ്ങൾ ധാരാളം.