തിരുവനന്തപുരം:16 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മോഷണക്കേസിലെ പ്രതിയെ പൊലീസ് പിടികൂടി. കന്യാകുളങ്ങര കോലിയക്കോട് കുന്നിട്ടക്കുരുവിൽ മുക്ക് വീട്ടിൽ മനോജിനെയാണ് (42) തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും ഒളിവിൽക്കഴിഞ്ഞു വന്നിരുന്ന പ്രതിയെക്കുറിച്ച് തമ്പാനൂർ എസ്.എച്ച്.ഒ സനോജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐമാരായ രഞ്ജിത്,സുബിൻ,എസ്.സി.പി.ഒ അജയകുമാർ,സി.പി.ഒമാരായ പ്രസാദ്,വിജി,ബോബൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.