കുടയത്തൂർ: കുടയത്തൂർ മുസ്ലിം പള്ളി ജംഗ്ഷന് സമീപം സ്വകാര്യ വ്യക്തി എം.വി.ഐ.പി ഭൂമി കൈയേറി മതിൽ കെട്ടിയതായി പരാതി. പ്രദേശത്ത് ഉണ്ടായിരുന്ന ജണ്ട നശിപ്പിച്ചതായും പരാതിയിൽ പറയുന്നു. കരോട്ടു കുറുപ്പുകണ്ടത്തിൽ കെ.എം. ഷാജിയാണ് ഇത് സംബന്ധിച്ച് എം.വി.ഐ.പി, വില്ലേജ്, താലൂക്ക് അധികൃതർക്ക് പരാതി നൽകിയത്. കാലങ്ങളായി ഉപയോഗിച്ച് വന്നിരുന്ന വഴിയാണ് സമീപവാസി കൈയേറി മതിൽ കെട്ടി സ്വന്തമാക്കാൻ ശ്രമിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്. പരാതി ലഭിച്ച എം.വി.ഐ.പി അധികൃതർ പ്രദേശം സന്ദർശിച്ചു. സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ താലൂക്ക് സർവേയറുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലഭ്യമാകുന്ന മുറയ്ക്ക് സ്ഥലപരിശോധന നടത്തുമെന്നും എം.വി.ഐ.പി അധികൃതർ വ്യക്തമാക്കി.