ഇടുക്കി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന ജലശേഖരവുമായി വൈദ്യുതി ബോർഡ് പുതുവർഷം ആഘോഷിച്ചു. വൈദ്യുതി ബോർഡിന്റെ കീഴിലുള്ള പ്രധാനപ്പെട്ട 16 സംഭരണികളിലെ ജലശേഖരം ഈ സീസണിലെ റിക്കാർഡിലാണ് ഇപ്പോൾ. ഇന്നലെ രാവിലെ ഏഴ് മണിയിലെ കണക്കുപ്രകാരം 3722.811 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം എല്ലാ സംഭരണികളിലുമായുണ്ട്, സംഭരണശേഷിയുടെ 90 ശതമാനമാണ്. പ്രളയ വർഷങ്ങളായിരുന്ന 2018, 2019 കാലഘട്ടത്തിലും ഡിസംബർ 31ലെ ജലനിരപ്പ് ഏറെ താഴെയായിരുന്നു. 2020ൽ 3442.107 മില്യൺ യൂണിറ്റ് വൈദ്യുതിക്കാവശ്യമായ വെള്ളമാണ് ഈ സമയത്തുണ്ടായിരുന്നത്, 2019 (3142.255), 2018 (2950.088), 2017 (2997.903 മില്യൺ യൂണിറ്റ്) എന്നിങ്ങനെയാണ് കണക്ക്. ഡിസംബർ 1 മുതൽ 31 വരെ 232 മില്യൺ യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തുമെന്നാണ് കെ.എസ്.ഇ.ബി ലോഡ് ഡെസ്പാച്ച് സെന്റർ കണക്ക് കൂട്ടിയിരുന്നത്. എന്നാൽ ഇന്നലെ രാവിലെ വരെ മാത്രം 591.948 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് ഒഴുകിയെത്തിയത്. മൂന്നാഴ്ചയോളമായി അധികമായി മഴ മാറിയിട്ടും അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് തുടരുന്നുണ്ട്. 2018ൽ ആഗസ്റ്റ്, സപ്തംബർ മാസത്തിൽ കനത്ത മഴ ലഭിച്ചിരുന്നു. ഈ വർഷം ലഭിച്ചതിലും 2000ൽ അധികം മില്യൺ യൂണിറ്റിനുള്ള വെള്ളമൊഴുകിയെത്തി. എന്നാൽ ഇത്തരത്തിൽ ലഭിച്ച വെള്ളം ഭൂരിഭാഗവും തുറന്ന് വിടേണ്ടി വന്നു. അതേ സമയം ഈ വർഷം ജൂലായ് മുതൽ ഡിസംബർ 10 വരെ മഴ ലഭിച്ചു. ഇടയ്ക്കിടക്ക് ഇടവേള ലഭിച്ചത് മൂലം അതത് മാസത്തെ ജലം ഉപയോഗിക്കാനും കെ.എസ്.ഇ.ബിക്കായി. തുറന്ന് വിടേണ്ടി വന്നത് താരതമ്യേനേ കുറച്ച് വെള്ളം മാത്രമാണ്. മുല്ലപ്പെരിയാർ ഇടക്കിടെ തുറന്നത് മൂലം ഇടുക്കിയിലേക്ക് അധികമായി വെള്ളമെത്തുകയും ചെയ്തു.
കരുതൽ സംഭരണത്തിന്റെ ഭാഗമായി ആഭ്യന്തര വൈദ്യുതി ഉത്പാദനം വൈദ്യുതി ബോർഡ് നിലവിൽ കുറച്ചിരിക്കുകയാണ്. വിലകുറച്ച് കിട്ടുന്ന സമയത്ത് വൈദ്യുതി വാങ്ങി കൂടുമ്പോഴും ചെറിയ തോതിൽ വില്പനയും നടക്കുന്നുണ്ട്. ഇന്നലെ സംസ്ഥാനത്ത് ഉപയോഗിച്ച 72.9514 മില്യൺ യൂണിറ്റ് വൈദ്യുതിയിൽ 18.5874 മില്യൺ യൂണിറ്റ് മാത്രമായിരുന്നു ആഭ്യന്തര ഉത്പാദനം. 54.364 മില്യൺ യൂണിറ്റ് ദീർഘകാല കരാർ വൈദ്യുതിയും കേന്ദ്ര പൂളുമാണ്.

109 ശതമാനം മഴ കൂടി

തുലാവർഷത്തിൽ 109 ശതമാനം മഴ കൂടിയപ്പോൾ കാലവർഷത്തിൽ 16 മഴ കുറഞ്ഞിരുന്നു. 102.63 സെ.മീ. മഴയാണ് ഇന്നലെ രാവിലെ വരെയുള്ള കണക്ക് പ്രകാരം തുലാവർഷത്തിൽ മാത്രം ലഭിച്ചത്.