മണക്കാട്: കുറച്ച് നേരം അവരുടെ മനസ് വർഷങ്ങൾ പിന്നിലേക്ക് പോയി. ദുഃഖങ്ങളും അനാരോഗ്യവും സമ്മർദ്ദവുമൊന്നുമില്ലാത്ത ആ കുട്ടിക്കാലത്തേക്ക്. എല്ലാവരും പഴയ ഓർമകളുടെ മധുരം നുണഞ്ഞു. അരിക്കുഴ ഗവ. സ്‌കൂളിലെ 1948 മുതൽ 2021 വരെയുള്ള പൂർവ്വ വിദ്യാർത്ഥികളാണ് 'ഭൂതകാലക്കുളിർ" എന്ന അപൂർവ പൂർവ്വ വിദ്യാർത്ഥി സംഗമത്തിലൂടെ ഒത്തുചേർന്നത്. 29 വർഷക്കാലം അദ്ധ്യാപകനും പ്രഥമാദ്ധ്യാപകനായിരുന്ന ഡി.എൻ. നമ്പൂതിരിയാണ് സംഗമം ഉദ്ഘാടനം ചെയ്തത്. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് എ.എൻ. ദാമോദരൻ നമ്പൂതിരി അദ്ധ്യക്ഷനായി. സ്‌കൂളിനു സ്ഥലം നൽകിയ കുടുംബത്തെയും സ്‌കൂൾ സ്ഥാപകൻ തെക്കേൽ പപ്പുപിള്ളയുടെ കുടുംബത്തെയും ചടങ്ങിൽ ആദരിച്ചു. മുൻ അദ്ധ്യാപകരായിരുന്ന പി.കെ. അയ്യപ്പൻ, കെ.കെ. നളിനാക്ഷി, എം.എൻ. രാഘവൻ, വി.എൻ. ദാമോദരൻ, പി.കെ. ഗോപാലകൃഷ്ണൻ, രത്‌നമ്മ താഴപ്പിള്ളിൽ, പി. സരോജിനി, എൻ.പി. ലീല, സി.കെ. അനന്തപത്മനാഭൻ നായർ, രാഘവൻ, പി.കെ. ഗംഗാധരൻ, ഷൈല കൃഷ്ണൻ എന്നീ അദ്ധ്യാപകരാണ് ആദരം ഏറ്റുവാങ്ങിയത്. മുതിർന്ന പൂർവ്വ വിദ്യാർത്ഥികളായിരുന്ന ടി.വി. വാസു, നാരായണൻ നായർ, പി.കെ. ദിവാകരൻ ആചാരി, സി.എ. ആഗസ്തി, പി.എസ്. ഭോഗീന്ദ്രൻ, എം.എ. അരവിന്ദാക്ഷൻ, ദാമോദരൻ കാഞ്ഞിരത്തിൽ, പി.ആർ. നാരായണൻ, വാസുദേവൻ നമ്പൂതിരി, നാരായണൻ നായർ തോട്ടപ്പുറത്ത്, മേരി എ.പി, ശാരദ മലേപ്പറമ്പിൽ, വാസുദേവ കൈമൾ, ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് മേരിക്കുട്ടി ജോസഫ്, എൽ.പി സ്‌കൂൾ പ്രഥമാദ്ധ്യാപിക ഉഷ പി.കെ, പൂർവ്വ വിദ്യാർത്ഥിസംഘടനാ സെക്രട്ടറി എം.കെ. പ്രീതിമാൻ ടി.സി. ഫ്രാൻസീസ് എന്നിവർ സംസാരിച്ചു.