തൊടുപുഴ: കാലവർഷക്കെടുതിയിലും പ്രളയത്തിലും നഷ്ടമായ ആധാരങ്ങൾ, റേഷൻ കാർഡുകൾ, ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ് തുടങ്ങിയ അടിസ്ഥാന രേഖകൾ പകരം ശരിയാക്കുന്നതിന് പീരുമേട് താലൂക്കിന്റെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പുകൾ നടത്തും. ഈ ക്യാമ്പുകളിൽ റവന്യൂ, സിവിൽ സപ്ളൈസ്, രജിസ്‌ട്രേഷൻ (ആധാരം), ഗ്രാമപഞ്ചായത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും. അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കും. ക്യാമ്പുകളിലെ സേവനം തികച്ചും സൗജന്യമായിരിക്കും. വെള്ളപ്പേപ്പറിൽ വിശദാംശങ്ങൾ എഴുതിയ അപേക്ഷ മാത്രം സമർപ്പിച്ചാൽ മതിയാകും. ഏലപ്പാറ, ഉപ്പുതറ പഞ്ചായത്തുകളിലുള്ളവർക്ക് ആറിന് ഏലപ്പാറ പഞ്ചായത്ത് ഹാളിലും കുമളി, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിലുള്ളവർക്ക് 10ന് വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹാളിലും കൊക്കയാറിലുള്ളവർക്ക് 11ന് കൊക്കയാർ പഞ്ചായത്ത് ഹാളിലും പെരുവന്താനം, മ്ലാപ്പാറ പഞ്ചായത്തുകളിലുള്ളവർക്ക് 12ന് പെരുവന്താനം പഞ്ചായത്ത് ഹാളിലും പീരുമേട് പഞ്ചായത്തിലുള്ളവർക്ക് 13ന് പീരുമേട് താലൂക്കാഫീസ് ഹാളിലും രാവിലെ 10 മുതൽ അഞ്ച് വരെയാണ് ക്യാമ്പ്.