തൊടുപുഴ: ജില്ലയിൽ പ്രാഥമിക സഹകരണ മേഖലയിൽ ആദ്യമായി എ.ടി.എം സി.ഡി.എം ഒരുക്കി തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് ജനങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നു. മൂന്നിന് രാവിലെ 11ന് ചേരുന്ന യോഗത്തിൽ എ.ടി.എം- സി.ഡി.എം ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കുമെന്ന് പ്രസിഡന്റ് ടോമി കാവാലം, സെക്രട്ടറി ഇൻ ചാർജ് വി.ടി. ബൈജു എന്നിവർ അറിയിച്ചു. എ.ടി.എം കാർഡിന്റെ വിതരണോദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എയും നിർവഹിക്കും. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.വി. മത്തായി മുഖ്യപ്രഭാഷണം നടത്തും. പുതിയ വായ്പാ പദ്ധതി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ വി.ജി. ദിനേശും പുതിയ നിക്ഷേപ പദ്ധതി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എസ്. അശോകനും നിർവഹിക്കും. സ്‌കൂൾ കുട്ടികൾക്കുള്ള കൊവിഡ് കിറ്റ് വിതരണം അസിസ്റ്റന്റ് രജിസ്ട്രാർ എം.ജെ. സ്റ്റാൻലി ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്റ് രജിസ്ട്രാർ റോസമ്മ ജേക്കബ് ഉപഹാര സമർപ്പണം നിർവഹിക്കും. വിവിധ ജനപ്രതിനിധികൾ, സഹകരണ ബാങ്ക് പ്രസിഡന്റുമാർ എന്നിവർ ആശംസകൾ നേരും. ബാങ്ക് പ്രസിഡന്റ് ടോമി തോമസ് കാവാലം അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ഇൻ ചാർജ് വി.ടി. ബൈജു റിപ്പോർട്ട് അവതരിപ്പിക്കും. ഡയറക്ടർ മാത്യു ജോസഫ് സ്വാഗതവും വൈസ് പ്രസിഡന്റ് ഷമ്മി ഈപ്പച്ചൻ നന്ദിയും പറയും.