വണ്ണപ്പുറം: വണ്ണപ്പുറം കൃഷി ഭവന്റെ നവീകരണത്തിന് നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് രാജീവ്‌ ഭാസ്ക്കരൻ പറഞ്ഞു. പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ നിന്ന് ഇതിനുള്ള ഫണ്ട് മാറ്റി വെക്കാനാണ് ആലോചന. കാലപ്പഴക്കത്താൽ വണ്ണപ്പുറം കൃഷി ഭവൻ പഴകി ദ്രവിച്ച് അപകടവസ്ഥയിലാണ്. ചെറിയ കാറ്റടിച്ചാൽ പോലും കെട്ടിടത്തിന്റെ വാർക്ക അടർന്നു വീഴുന്ന സാഹചര്യമാണുള്ളത്. പ്ലാന്റേഷന്‍ കവലയില്‍ പഞ്ചായത്തോഫിസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കൃഷി ഭവൻ 30 വർഷങ്ങൾക്ക് മുമ്പാണ് ഇവിടെ നിർമ്മച്ചത്. തുടര്‍ന്ന് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ വണ്ണപ്പറം കേന്ദ്രീകരിച്ച് നടപ്പിലാക്കിയെങ്കിലും കൃഷി ഭവന്റെ കാര്യം ഏവരും മറന്നുപോയി. നിർമാണം പൂർത്തീകരിച്ചു വർഷങ്ങൾ എറെ കഴിഞ്ഞെങ്കിലും മാറിമാറി ഭരണത്തിൽ എത്തിയ ആരും നവീകരണത്തിന് ശ്രമിച്ചില്ല. കാർഷിക വികസന സമിതി, ഗ്രാമസഭ, വികസന സെമിനാർ, വർക്കിങ് ഗ്രൂപ്പ്‌ യോഗങ്ങൾ എന്നിവിടങ്ങളിൽ കൃഷി ഭവന്റെ കാര്യം നിരന്തരം ചർച്ച ചെയ്യുമെങ്കിലും ഒന്നും പ്രാവർത്തികമായില്ല. 5 ജീവനക്കാർ ഇവിടെ ജോലി ചെയ്ത് വരുന്നുണ്ട്. ഇവര്‍ക്ക് നിന്നുതിരിയാന്‍ പോലും ഇടമില്ല. കൂടാതെ കെട്ടിടം ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലുമാണ്. വിവിധ ആവശ്യങ്ങള്‍ക്കായി കൃഷിഭവനില്‍ എത്തുന്നവരുടെ സ്ഥിതിയും ഏറെ ദയനീയമാണ്. കൃഷിഭവനില്‍ എത്തുന്ന തൈകള്‍ സുക്ഷിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ തൊട്ടടുത്തുള്ള അംഗൻവാടിയുടെ പരിസരത്ത് കൂട്ടിയിടുകയാണ് പതിവ്. എന്നാൽ കൃഷി ഭവന്റെ നവീകരണത്തിന് വേണ്ടി പഞ്ചായത്ത്‌ ഭരണ സമിതി പുതിയ പദ്ധതി ആവിഷ്ക്കരിക്കുന്നതോടെ കൃഷി ഭവന്റെ ശനി ദശ മാറും എന്നാണ് വണ്ണപ്പുറം പഞ്ചായത്തിലെ കർഷകർ പറയുന്നത്.