തൊടുപുഴ: തൊടുപുഴ നഗരസഭ പ്രസിദ്ധീകരിച്ച മാസ്റ്റർ പ്ലാൻ എല്ലാ വാർഡുകളിലെ ജനങ്ങളുമായി ആശയ വിനിമയം നടത്തി ശാസ്ത്രീയമായി തയ്യാറാക്കണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ. അതിനാവശ്യമായ പദ്ധതി നിർദേശങ്ങൾ തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ അധികാരികൾക്ക് മുമ്പിൽ സമർപ്പിച്ചു. മാസ്റ്റർ പ്ലാൻ മലയാളത്തിൽ പ്രസിദ്ധീകരിക്കണം. ഗാന്ധിസ്‌ക്വയറിന് മൂന്ന് കിലോമീറ്റർ ചുറ്റളവ് കഴിഞ്ഞ് ജനവാസമേഖലകൾ ഒഴിവാക്കി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കണം. ഔട്ടർ റിംഗ് റോഡ് വഴിയുള്ള വികസനങ്ങൾക്ക് മുൻതൂക്കം നൽകുക. പുഴയോര മേഖലകളിലൂടെ പരമാവധി റോഡുകൾ പ്രയോജനപ്പെടുത്തണം. 2013ൽ കോതായിക്കുന്ന് ബൈപാസിനോട് ചേർന്ന് 10 ഏക്കറിൽ സ്റ്റേഡിയം നിർമ്മിക്കാനുള്ള പദ്ധതിയുള്ലപ്പോൾ പുതിയ സ്റ്റേഡിയം ആവശ്യമില്ല. ഭൂമിയുടെ സബ് ഡിവിഷൻ നമ്പറുകളും റിസർവേ നമ്പറുകളും ചേർത്ത് പുനർനിശ്ചയിക്കണം. ഫണ്ട് ലഭ്യതയ്ക്ക് യാതൊരു വ്യക്തതയും വരുത്തിയിട്ടില്ല. വർഷങ്ങളോളം ഭൂമി മരവിപ്പിക്കുക എന്നത് ഒരു വിധത്തിലും അംഗീകരിക്കാനാകില്ല. കരട് മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് രൂപീകരിച്ചിരിക്കുന്ന സ്‌പെഷ്യൽ കമ്മിറ്റിയിൽ വ്യാപാരികളുടെയും കർഷകരുടെയും റസിഡൻസ് അസോസിയേഷന്റെയും ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷന്റെയും പ്രതിനിധികളെ ഉൾപ്പെടുത്തണം. മാർക്കറ്റ് റോഡ്, പാലാ റോഡ്, ഇടുക്കി റോഡ് തുടങ്ങിയ പ്രദേശങ്ങളെ മാസ്റ്റർ പ്ലാൻ പരിധിയിൽ നിന്ന് ഒഴി വാക്കണം. കച്ചവട സ്ഥാപനം നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസ പാക്കേജ് ഉണ്ടാക്കണമെന്നും മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.