തൊടുപുഴ: സി.പി.എം ജില്ലാ സമ്മേളന നഗരയിൽ സ്ഥാപിക്കുന്ന കൊടിമരം കെ.എസ് കൃഷ്ണപിള്ളയുടെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പ്രയാണം ആരംഭിച്ചു. കൊടിമര ജാഥയുടെ ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.വി. വർഗീസ് ഫ്ളാഗ് ഓഫ് ചെയ്തു. വി.വി. മത്തായി ക്യാപ്ടനായ ജാഥയ്ക്ക് തുടർന്ന് മുൻസിപ്പൽ മൈതാനത്ത് സ്വീകരണം നൽകി. ജാഥാ ക്യാപ്ടൻ വി.വി. മത്തായി, ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ, ജില്ലാ കമ്മിറ്റിയംഗം കെ.എൽ. ജോസഫ്, കരിമണ്ണൂർ ഏരിയാ സെക്രട്ടറി പി.പി. സുമേഷ്, കെ.ആർ. ഷാജി, ടി.ആർ. സോമൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ജാഥ കരിമണ്ണൂർ, മൂലമറ്റം, എലപ്പാറ ഏരിയാ കമ്മിറ്റികളിലൂടെ പര്യടനം നടത്തി ഞായറാഴ്ച വൈകിട്ട് അഞ്ചിന് കുമളിയിലെ സമ്മേളന നഗറിൽ ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ ഏറ്റുവാങ്ങും. സി.പി.എം ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.എൽ. ജോസഫ്, റോമിയോ സെബാസ്റ്റ്യൻ, മുഹമ്മദ് ഫൈസൽ, കെ.ആർ. ഗോപാലൻ തുടങ്ങിയവരാണ് ജാഥയിലെ മറ്റ് അംഗങ്ങൾ.