നെടുങ്കണ്ടം: പ്രളയക്കെടുതിയിൽ വീടുതകർന്നവർക്കും കൃഷി നഷ്ടപ്പെട്ടവർക്കും ഇതുവരെയും നഷ്ടപരിഹാരം ലഭ്യമാക്കിയില്ലെന്ന് ഉടുമ്പൻചോല താലൂക്ക് വികസന സമിതി യോഗത്തിൽ വ്യാപക പരാതി. 2020 ന് ശേഷം ദുരിതാശ്വാസ നഷ്ടപരിഹാര ഫണ്ട് സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ലെന്നായിരുന്നു ഉടുമ്പൻചോല തഹസിൽദാരുടെ വിശദീകരണം. വിഷയം ജില്ലാ കളക്ടർ വഴി സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താൻ യോഗത്തിൽ തീരുമാനമായി. കിഴക്കേക്കവലയിൽ ഓപ്പൺ സ്റ്റേജ് നിർമിക്കേണ്ട സ്ഥലത്ത് സ്ഥിതിചെയ്യുന്ന ട്രാൻസ്‌ഫോർമർ നെടുങ്കണ്ടം സ്റ്റേഷന് സമീപത്തേക്ക് മാറ്റുന്നതിന് പൊലീസ് തടസം നിൽക്കുകയാണ്. പദ്ധതി നടത്തിപ്പിനായി വകുപ്പുകളുടെ ഏകോപനം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്ത് നൽകുന്നതിന് യോഗം തീരുമാനിച്ചു. പുതിയ ലാന്റ് അസൈൻമെന്റ് കമ്മിറ്റി രൂപവത്കരിക്കാൻ താലൂക്ക് സഭ സർക്കാരിന് ശുപാർശ നൽകണമെന്ന് രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ ആവശ്യപ്പെട്ടു. എൽ.എ കമ്മിറ്റി നിലവിലില്ലാത്തതിനാൽ പട്ടയം നൽകുന്നതിന് വലിയ കാലതാമസമാണ് നേരിടുന്നത്. ഉടുമ്പൻചോല താലൂക്കിലെ വിവിധ റോഡുകളിൽ അടിയന്തരമായി സീബ്രാ ലൈൻ വരയ്ക്കുന്നതിന് നടപടി വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. പാമ്പാടുംപാറ പി.എച്ച്‌.സിയിലെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെയും ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നതിനായി വർക്കിംഗ് അറേഞ്ചുമെന്റ് വഴി ഡോക്ടർമാരെ നിയമിക്കാൻ ജില്ലാ കളക്ടർ വഴി ആരോഗ്യവകുപ്പിൽ ഇടപെടൽ നടത്താനും തീരുമാനിച്ചു.
നെടുങ്കണ്ടം താലൂക്ക് ആശുപത്രിക്കായി നിർമിക്കുന്ന കെട്ടിടത്തിന് അഗ്നി സുരക്ഷാ അംഗീകാരം ലഭ്യമാകുന്നതിനായി വഴിക്ക് വീതികൂട്ടുന്ന കാര്യം ചർച്ചചെയ്തു. 2020 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് ഉടുമ്പൻചോല താലൂക്ക് വികസന സമിതി യോഗം ചേരുന്നത്. കൊവിഡ് സാഹചര്യത്തിൽ രണ്ടുവർഷമായി യോഗം മുടങ്ങിക്കിടക്കുകയായിരുന്നു. താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ് അദ്ധ്യക്ഷനായി. തഹസിൽദാർ നിജു കുര്യൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. രാമചന്ദ്രൻ, എം.എസ്. സതി, ജിൻസൺ വർക്കി, ജയഗീത, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി.സി. അനിൽ, ആർ. ബാലൻപിള്ള, ബേബിച്ചൻ ചിന്താർമണി, പി.എം. ആന്റണി, എം.കെ. ജോസഫ്, പി.എസ് യൂനുസ് തുടങ്ങിയവർ പങ്കെടുത്തു.