തൊടുപുഴ: നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനും പുരോഗതിക്കുമായി അടുത്ത സാമ്പത്തിക വർഷത്തിലെ കേരള ബഡ്ജറ്റിൽ ഉൾപ്പെടുത്തി വിവിധ പദ്ധതികൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർക്ക് നിവേദനം നൽകാൻ കേരള കോൺഗ്രസ് (എം)​ തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ഗ്രാമീണ റോഡുകൾ അടക്കമുള്ള പൊതുമരാമത്ത് റോഡുകൾ നവീകരിക്കുക, കാർഷിക മേഖലയുടെ വളർച്ചയ്ക്കായി തൊടുപുഴ കേന്ദ്രമായി കാർഷികോത്പന്ന സംസ്‌കരണ കേന്ദ്രം ആരംഭിക്കുക, പുതിയ ബൈപാസുകളുടെ നിർമാണം, നിർദ്ദിഷ്ട സ്റ്റേഡിയം നിർമാണം, മലങ്കര- തൊമ്മൻകുത്ത് ടൂറിസം സർക്യൂട്ട് തുടങ്ങിയവ തൊടുപുഴയ്ക്കായും റബർ വിലസ്ഥിരതാ ഫണ്ട് 200 രൂപയാക്കുക, കാർഷിക കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് പലിശയിളവ് അനുവദിക്കുക തുടങ്ങിയ പൊതുവായ ആവശ്യങ്ങൾ വരുന്ന സംസ്ഥാന ബഡ്ജറ്റിലൂടെയും വകയിരുത്തി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകുന്നത്. പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു. നേതാക്കളായ പ്രൊഫ. കെ.ഐ. ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ആമ്പൽ ജോർജ്, അപ്പച്ചൻ ഓലിക്കരോട്ട്, അഡ്വ. ബിനു തോട്ടുങ്കൽ, മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം, ജോസ് കവിയിൽ, ജോയ് പാറത്തല, സാൻസൻ അക്കകാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.