പുറപ്പുഴ: സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ നടന്നുവന്ന അദ്ധ്യാപകർക്കായുള്ള സംസ്ഥാന സ്‌കൗട്ട് ആൻഡ് ഗൈഡ് ബേസിക് ട്രെയിനിംഗ് ക്യാമ്പിന് സമാപനമായി. ഏഴു ദിവസമായി നടന്ന ക്യാമ്പിൽ വിവിധ ജില്ലകളിൽ നിന്നുള്ള അറുപതോളം ഹൈസ്‌കൂൾ, ഹയർസെക്കൻഡറി അദ്ധ്യാപകർ പങ്കെടുത്തു. ക്യാമ്പ് പാസ്സാകുന്ന അധ്യാപകർക്ക് സ്‌കൂളുകളിൽ പുതിയ സ്‌കൗട്ട്‌സ്, ഗൈഡ്‌സ് യൂണിറ്റുകൾ തുടങ്ങുവാൻ പ്രാപ്തരാക്കുന്ന ആദ്യ പടിയാണ് ബേസിക് കോഴ്‌സ് ക്യാമ്പ്. ടെന്റ്, ഗാഡ്ജറ്റ് നിർമാണം, പ്രഥമ ശുശ്രൂഷ, വിവിധ തരം നോട്ടുകൾ എന്നിവയിൽ പ്രവീണ്യം നേടുന്നതിനായുള്ള ക്യാമ്പ് സംസ്ഥാനതല പരിശീലകരുടെ നേതൃത്വത്തിലാണ് നടന്നത്. ക്യാമ്പിന്റെ ഭാഗമായി നടന്ന ട്രക്കിങ്ങിൽ വിവിധ പ്രദേശങ്ങൾ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കി. സമാപന സമ്മേളനം പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്‌കൂൾ മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ കണിമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബിനു ടി. ഫ്രാൻസിസ് അദ്ധ്യക്ഷനായ യോഗത്തിൽ ജില്ലാ സെക്രട്ടറി സോജൻ എബ്രഹാം, ട്രെയിനിംഗ് കമ്മിഷണർ ഡൈസൻ മാത്യു, ട്രെയിനിംഗ് ഓർഗനൈസർ ജീമോൻ അഗസ്റ്റിൻ, പ്രോഗ്രാം കോർഡിനേറ്റർ ടി.കെ. ബിജു എന്നിവർ പ്രസംഗിച്ചു.