car
അപകടത്തിൽപ്പെട്ട കാർ

കട്ടപ്പന: നിയന്ത്രണം നഷ്ടപ്പെട്ട കാർ വീടിന് മുന്നിലെ കലുങ്കിൽ ഇടിച്ച് നിന്നതിനാൽ വീട്ടുകാർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഞായറാഴ്ച പുലർച്ചെ ആറിന് പാറക്കടവ് ജ്യോതിസ്‌പടി ബൈപ്പാസിലായിരുന്നു അപകടം നടന്നത്. അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം നഷ്ടമായി സമീപത്തെ വീടിന് മുമ്പിലെ മരത്തിനും കലുങ്കിനുമിടയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഈ സമയം വീട്ടിനുള്ളിൽ ഉണ്ടായിരുന്നവർ ഉറക്കത്തിലായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് അപകടം നടന്നത് അറിഞ്ഞത്. കലുങ്കിൽ ഇടിച്ച് നിന്നതിനാലാണ് കാർ വീടിനുള്ളിലേയ്ക്ക് പാഞ്ഞുകയറാതിരുന്നതെന്ന് വീട്ടുടമസ്ഥൻ രാഹുൽ പറഞ്ഞു. കാറോടിച്ചിരുന്ന പാറക്കടവ് സ്വദേശിയായ യുവാവിന് നിസാര പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേഗതിയിലെത്തിയ വാഹനം നിയന്ത്രണം നഷ്ടമായപ്പോൾ ബ്രേക്ക് പിടിച്ച് നിറുത്താൻ ശ്രമിച്ച പാടുകൾ റോഡിലുണ്ട്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. ഏതാനും യുവാക്കൾ നിരന്തരമായി ഇതുവഴി അമിത വേഗതയിൽ വാഹനമോടിക്കുന്നുണ്ടെന്നും അവധി ദിവസങ്ങളിൽ ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു. ശബരിമല സീസണായതിനാൽ അയ്യപ്പ ഭക്തന്മാരുടെ വാഹനങ്ങൾ ഈ ബൈപ്പാസ് വഴിയാണ് കടത്തിവിടുന്നത്. പുലർകാലങ്ങളിൽ ഇവർ വാഹനം നിർത്തി വിശ്രമിക്കുന്നതും ഈ റോഡിലാണ്. ഈ സാഹചര്യത്തിൽ റോഡിലെ വേഗത നിയന്ത്രിക്കാൻ പൊലീസ് ഇടപെടണമെന്നും ആവശ്യം ഉയരുന്നുണ്ട്.