തൊടുപുഴ: കരിമണ്ണൂർ സബ് ട്രഷറിക്ക് വേണ്ടി സ്ഥലം വാങ്ങാനായി ഫണ്ട് സമാഹരണം നടത്തും. കരിമണ്ണൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഇന്ന് രാവിലെ 10ന് ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റെജി ജോൺസൺ നിർവഹിക്കും.
ട്രഷറിക്കായി പഞ്ചായത്ത് കണ്ടെത്തിയ സ്ഥലം ട്രഷറി ഡെപ്യൂട്ടി ഡയറക്ടറും ജില്ലാ ട്രഷറി ഓഫീസറും അടക്കമുള്ള ഉദ്യോഗസ്ഥർ സന്ദർശിക്കുകയും സ്ഥലം ട്രഷറി കെട്ടിടത്തിന് അനയോജ്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെയാണ് ട്രഷറിക്കായി ഫണ്ട് സമാഹരണത്തിന് പഞ്ചായത്ത് തുടക്കം കുറിക്കുന്നത്. 1984ൽ കരിമണ്ണൂരിൽ ആരംഭിച്ച സബ്ട്രഷറി 37 വർഷമായി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വന്നിരുന്നത്. കെട്ടിട നിർമ്മാണത്തിന് സർക്കാർ ഫണ്ട് അനുവദിച്ചെങ്കിലും സൗജന്യമായി ഭൂമി കണ്ടെത്തി കൊടുക്കേണ്ട ചുമതല പഞ്ചായത്ത് ഭരണസമിതിക്കായിരുന്നു. ഇതനുസരിച്ച് കരിമണ്ണൂർ പള്ളി വക 10 സെന്റ് സ്ഥലം വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. സ്ഥലം വാങ്ങുന്നതിനായി വിവിധ പെൻഷൻ സംഘടനകൾ, അദ്ധ്യാപക സംഘടനകൾ, സർവീസ് ജീവനക്കാർ, പൊതുജനങ്ങൾ, വ്യാപാരി വ്യവസായികൾ, വിവിധ രാഷ്ട്രീയ കക്ഷികളും ഫണ്ട് സമാഹരണത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഫണ്ട് സമാഹരണത്തിനായി പഞ്ചായത്ത് പ്രസിഡന്റ് റെജി ജോൺസൺ ചെയർമാനായും വൈസ് പ്രസിഡന്റ് സാംസൺ അക്കക്കാട്ട് കൺവീനറായും ബൈജു വറവുങ്കൽ ട്രഷററുമായിട്ടുള്ള വിപുലമായ സംഘാടക സമിതിയും രൂപീകരിച്ചു.