കട്ടപ്പന: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ കട്ടപ്പന ഇലക്ട്രിക്കൽ സെക്ഷന്റെ ദൈനംദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലേയ്ക്ക് നിയമനം നടക്കാത്തതാണ് പ്രധാന കാരണം. അടുത്തിടെ സ്ഥലം മാറിപ്പോയ അസിസ്റ്റന്റ് എൻജിനീയർക്ക് പകരമുള്ളയാൾ ഇതുവരെ എത്തിയിട്ടില്ല. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ഈ പോസ്റ്റിലേയ്ക്ക് പകരം ഉദ്യോഗസ്ഥൻ എത്താത്തതിനാൽ ജീവനക്കാർക്കും അമർഷമുണ്ട്. കട്ടപ്പന സെക്ഷനിൽ മൂന്ന് സബ് എൻജിനിയർ തസ്തികയാണ് നിലവിലുള്ളത്. ഇതിൽ രണ്ടെണ്ണത്തിൽ മാസങ്ങൾക്ക് മുമ്പ് സ്ഥലം മാറിയെത്തിയ ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയിലുള്ളത്. സെക്ഷനിലെ ആറ് ഓവസിയർമാരിൽ മൂന്ന് പേരും മറ്റ് സ്ഥലങ്ങളിൽ നിന്ന് അടുത്തിടെയാണ് കട്ടപ്പനയിലെത്തിയത്. ദൂര പരിധിയിൽ നാല് നഗര കേന്ദ്രങ്ങളിലേതിനേക്കാൾ വലിപ്പമുള്ള കട്ടപ്പന സെക്ഷനിൽ മുൻ പരിചയമുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഇപ്പോൾ ഇല്ലാത്തതും താഴെ തട്ടിലെ ജീവനക്കാരെ ആശങ്കപ്പെടുത്തുന്നുണ്ട്.
നാല് ലൈൻമാൻ മാത്രം
7 ഫീഡർ ലൈനും 112 ട്രാൻസ്‌ഫോർമറും 20,000 ഉപയോക്താക്കളുമുള്ള കട്ടപ്പന സെക്ഷനിൽ വൈദ്യുതി തടസങ്ങളും, അറ്റകുറ്റപ്പണികളും പരിഹരിക്കാനുള്ളത് നാല് ലൈൻമാൻമാർ മാത്രം. പന്ത്രണ്ട് പേർ വേണ്ടിടത്ത് നിലവിൽ ഒമ്പത് ജീവനക്കാരാണ് ഉള്ളത്. ഇവരിൽ ഒരാൾ കൈയ്ക്ക് പരിക്കേറ്റ് ലൈൻമാൻ ഡ്യൂട്ടി ചെയ്യുന്നില്ല. മറ്റൊരാൾ വനിതയായതിനാൽ പോസ്റ്റിൽ കയറാൻ സാധിക്കില്ല. പിന്നീടുള്ള ഏഴ് പേരിൽ രണ്ട് പേർ റവന്യൂ വിംഗിലും, ഒരാൾ നൈറ്റ് ഡ്യൂട്ടിയുമാണ് ചെയ്യുന്നത്. ആറ് വർക്കർമാർ വേണ്ടിടത്ത് നാല് പേർ മാത്രമാണ് നിലവിലുള്ളത്.
അപകടത്തിൽ മരിച്ചത് രണ്ട് ജീവനക്കാർ
കഴിഞ്ഞ വർഷം അവസാനമുണ്ടായ രണ്ട് അപകടങ്ങളിൽ ജീവൻ പൊലിഞ്ഞത് രണ്ട് ജീവനക്കാർക്കാണ്. സെപ്തംബർ 17ന് പുളിയൻമല നൂറേക്കറിൽ പോസ്റ്റ് മറിഞ്ഞുണ്ടായ അപകടത്തിൽ വർക്കർ പി.ബി. സുരേഷും നവംബർ 22ന് അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാൻ എം.വി. ജേക്കബും മരിച്ചിരുന്നു. ഇവരുടെ ഒഴിവുകളിൽ പകരമായി ആരെയും ഇതുവരെ നിയമിച്ചിട്ടില്ല.
ഒഴിഞ്ഞ തസ്തികകളുടെ എണ്ണം
 അസിസ്റ്റന്റ് എൻജിനീയർ- 1
 സബ് എൻജിനീയർ- 1
 ലൈൻമാൻ- 3
 വർക്കർ- 2