തൊടുപുഴ: ഇന്ന് ആരംഭിക്കുന്ന 15 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്കായുള്ള കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പിന് ജില്ലയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.
ജില്ലയിൽ അറുപതോളം വാക്‌സിൻ കേന്ദ്രങ്ങളുണ്ട്. ഇവിടെയെല്ലാം കുട്ടികൾക്കായി വാക്‌സിനേഷൻ സൗകര്യമുണ്ടായിരിക്കും. ജില്ലയിൽ 15- 18 പ്രായപരിധിയിൽ 51,339 പേരുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. 2007ലോ അതിന് മുമ്പോ ജനിച്ചവർക്ക് പോർട്ടലിൽ വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്ത് വാക്‌സിൻ സ്ലോട്ട് ബുക്ക് ചെയ്യാം. മുമ്പ് രജിസ്റ്റർ ചെയ്ത മുതിർന്നവരുടെ അക്കൗണ്ടിലൂടെ ബുക്ക് ചെയ്യാം. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്ത് വാക്‌സിൻ സ്വീകരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
നൽകുക കോവാക്‌സിൻ
കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം കോവാക്‌സിനാണ് കുട്ടികൾക്ക് നൽകുന്നത്. 3,500 ഡോസ് കോവാക്‌സിൻ ജില്ലയിൽ സ്റ്റോക്കുണ്ട്. ഞായറാഴ്ച രാത്രിയോടെ 16,000 ഡോസ് കോവാക്‌സിൻ കൂടി എത്തും. രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെയാണ് വാക്‌സിനേഷൻ. ബുധാഴ്ചകളിൽ കുട്ടികൾക്ക് പ്രതിരോധ കുത്തിവെയ്പ്പുള്ളതിനാൽ കൊവിഡ് വാക്‌സിൻ നൽകില്ല.
വാക്സിനെടുക്കേണ്ട കുട്ടികൾ- 51,339
കുട്ടികൾക്കുള്ള വാക്സിനേഷനുള്ള എല്ലാ ഒരുക്കങ്ങളും ജില്ലയിൽ പൂർത്തിയായി.
- ഡോ. ജേക്കബ് വർഗീസ് (ജില്ലാ മെഡിക്കൽ ഓഫീസർ)