തൊടുപുഴ: കുടിവെള്ള പൈപ്പിടുന്നതിനായി റോഡിന് നടുവിലൂടെ നീളത്തിലെടുത്ത കുഴി വാഹനയാത്രികർക്ക് വാരിക്കുഴിയായി മാറി. തൊടുപുഴ മൗണ്ട് സീനായി- കൈതക്കോട് റോഡിലാണ് സംഭവം. ദിവസവും നൂറുകണക്കിന് പേർ സഞ്ചരിക്കുന്ന റോഡ് കുത്തിപൊളിച്ചിട്ട് ഒരു മാസത്തോളമായിട്ടും റോഡ് ടാർ ചെയ്യാൻ നടപടിയില്ല.
കുഴി മൂടിയെങ്കിലും വീതികുറഞ്ഞ റോഡിൽ മധ്യഭാഗത്തായതിനാൽ പലപ്പോഴും ഇതിലൂടെ വാഹനങ്ങൾക്ക് സുഗമമായി പോകാനാകുന്നില്ല. റോഡ് പൊങ്ങിയും താന്നും കിടക്കുന്നതിനൊപ്പം പലയിടത്തും കല്ലുകളും ഭീഷണിയായി നിൽക്കുന്നുണ്ട്. വാട്ടർ അതോറിട്ടി ഓഫീസിന് സമീപത്ത് നിന്നാരംഭിച്ച് മൗണ്ട് സീനായി റോഡിലെത്തി ഇവിടെ നിന്ന് കൈതക്കോട് വഴി നാലുവരി പാത വരെയാണ് പൈപ്പിടുന്നതിനായി റോഡ് കുഴിച്ചിരിക്കുന്നത്. 700 മീറ്ററോളം ദൂരത്താണ് പൈപ്പിട്ടിരിക്കുന്നത്. വലിയ പൈപ്പായതിനാൽ വശത്തൂടെ ഇടാൻ പറ്റില്ലെന്ന് അറിയിച്ചതോടെയാണ് മധ്യഭാഗത്തൂടെ ഇടാൻ അനുമതി ലഭിച്ചത്. ഇതിനായി ടൈൽ പാകിയതടക്കം നീക്കിയിട്ടുണ്ട്. നഗരസഭയുടെ അഞ്ച്, എട്ട് വാർഡുകൾ ചേരുന്നഭാഗമാണ് കൈതക്കോട് റോഡ്. മൗണ്ട് സീനായി റോഡിൽ നിരവധി കച്ചവട സ്ഥാപങ്ങൾ പ്രവർത്തിക്കുന്ന സ്ഥലത്തൂടെയാണ് പൈപ്പ് കടന്ന് പോകുന്നത്.
ഇതിന്റെ ഭാഗമായി കുഴിയെടുത്തതോടെ സ്ഥലത്താകെ പൊടിനിറഞ്ഞ് കിടക്കുകയാണ്. ഇതിനാൽ തങ്ങളുടെ ജോലികൾ മുടങ്ങുന്നതായി ഉടമകളും പറയുന്നു. ഇവിടെ നിന്ന് നാലുവരി പാതയിലേക്ക് പോകുന്ന റോഡിന്റെ ഇരുവശവും നിരവധി വീടുകളും നിരവധി സ്ഥാപനങ്ങളുമുണ്ട്. ഓട്ടോറിക്ഷ പോലും ഓട്ടം വിളിച്ചാൽ ഇതുവഴി ഇപ്പോൾ വരുന്നില്ലെന്ന് നാട്ടുകാരും പറയുന്നു. പൊടി നിറഞ്ഞതോടെ വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. അതേ സമയം 60 മീറ്റർ റോഡ് കുഴിക്കുന്നതിന് അനുമതി നൽകിയിരുന്നതായും ഇത് ഉടൻ തന്നെ റീടാർ ചെയ്യുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ വ്യക്തമാക്കി. എന്നാൽ നഗരസഭയുടെ റോഡുകൾ നവീകരണം നടത്താൻ വൈകുമെന്നാണ് വിവരം.