കുമളി: എ.കെ.ജിയുടെ നേതൃത്വത്തിൽ നടന്ന അമരാവതി സമരത്തിന്റെ ഓർമ്മകളിരമ്പുന്ന കുമളി പട്ടണത്തിൽ സി.പി.എം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സമ്മേളനത്തിനു മുന്നോടിയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആരംഭിച്ച പതാക, കൊടിമരം, കപ്പികയർ ദീപശിഖ ജാഥകൾ ഇന്നലെ വൈകിട്ടോടെ കുമളിയിലെത്തി. എം.എം. മണി എം.എൽ.എ ടൗണിൽ ജാഥകളെ സ്വീകരിച്ചു. പതാക രാജാക്കാട്ടിലെ കെ.എൻ. തങ്കപ്പന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും കൊടിമരം തൊടുപുഴയിലെ കെ.എസ്. കൃഷ്ണ പിള്ളയുടെ സ്മൃതി മണ്ഡപത്തിൽ നിന്നും കപ്പിയും കയറും കെ.എസ്. കൃഷ്ണന്റെ കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ നിന്നും ദീപശിഖ അഭിമന്യുവിന്റെ വട്ടവടയിലെ സ്മൃതി മണ്ഡപത്തിൽ നിന്നുമാണു പ്രയാണം ആരംഭിച്ചത്. ജാഥാ ക്യാപ്ടൻമാരുടെ നേതൃത്വത്തിൽ ചെളിമട കവലയിൽ നിന്ന് നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും അകമ്പടിയോടെയാണ് ജാഥകൾ സമ്മേളന നഗരിയിലെത്തിയത്. സമ്മേളനത്തിന്റെ കൊഴുപ്പേകാൻ ബസ് സ്റ്റാൻഡ് മുതൽ കുമളി ടൗൺ വരെയും ചെളിമടവരെയും ചെങ്കൊടിയും തോരണങ്ങളും അലങ്കരിച്ചിരുന്നു. ജില്ലയിലെ മുതിർന്ന നേതാക്കൾ ഇന്നലെ തന്നെ കുമളിയിൽ എത്തിയിട്ടുണ്ട്. 17 ഏരിയാ സമ്മേളനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 153 പ്രതിനിധികളും 37 ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുക.
പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ ഒമ്പതിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കുമളി ഹോളിഡേ ഹോമിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള എ.കെ. ദാമോദരൻ നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുക.
കേന്ദ്ര കമ്മറ്റി അംഗങ്ങളായ എ വിജയരാഘവൻ , വൈക്കം വിശ്വൻ, എം.സി. ജോസഫൈൻ, കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടിയേറ്റ് അംഗങ്ങളായ എം.എം. മണി, കെ.ജെ. തോമസ് എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി വിവിധ വിഷയങ്ങളെ അധികരിച്ച് പ്രമുഖർ പങ്കെടുത്ത് 17 സെമിനാറുകളും സംഘടിപ്പിച്ചിരുന്നു.