തൊടുപുഴ: കോലാനിയിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ആധുനിക സൗകര്യങ്ങളോടെ ഷോപ്പിംഗ് കോംപ്ലക്സ് പണിയും. ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ നിർമിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിൽ വനിതാ വിപണന കേന്ദ്രം, കാർഷിക വിപണന കേന്ദ്രം, പരമ്പരാഗത രീതിയിലുള്ള വ്യവസായങ്ങൾ എന്നിവ ആരംഭിക്കും. ബ്ലോക്കിന്റെ നേതൃത്വത്തിൽ തരിശ് ഭൂമിയായി കിടക്കുന്ന പ്രദേശങ്ങൾ കൃഷി ഭൂമിയാക്കും. ഉത്പന്ന ചെലവും വില തകർച്ചയും പരിഹരിക്കാൻ പ്രദേശികമായി വിത്തും വളവും ഉത്പാദിപ്പിച്ച് വിതരണം ചെയ്യും. മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന പ്രാദേശിക സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകും. കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽ പാടങ്ങളുടെയും തോടുകളുടെയും സംരക്ഷണ ഭിത്തികൾ നിർമ്മിച്ച് കൃഷി ഭൂമിയാക്കി മാറ്റാനാണ് ലക്ഷ്യം. വഴിത്തലയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ കാർഷിക വിപണന കേന്ദ്രം ആരംഭിക്കും. ഇപ്പോൾ അടഞ്ഞു കിടക്കുന്ന കെട്ടിടം വിപണന കേന്ദ്രത്തിനായി സൗകര്യപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. പുറപ്പുഴ പി.എച്ച്.സിയിൽ നേരത്തെയുണ്ടായിരുന്ന കിടത്തി ചികിത്സ പുനരാരംഭിക്കാൻ നടപടിയെടുക്കും. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി വിവിധ മെഡിക്കൽ ക്യാമ്പുകളും ബോധവത്കരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കും.

ടൂറിസം ഹബ്ബ്

വിവിധ ടൂറിസം പദ്ധതികളെ കോർത്തിണക്കി പ്രദേശിക വികസനത്തിന് ഉതകുന്ന വിധം തൊടുപുഴയെ ജില്ലയുടെ ടൂറിസം ഹബ്ബാക്കി മാറ്റുന്ന പദ്ധതിക്ക് രൂപം നൽകും. മുണ്ടൻമല ടൂറിസം പദ്ധതിയും വികസിപ്പിക്കും.

ഹരിത ഗ്രാമം പദ്ധതി

ഹരിതഭവനം- ഗ്രാമം പദ്ധതികൾ ആരംഭിക്കും. പാതയോരങ്ങൾ സൗന്ദര്യവത്കരണം നടത്തി, തണൽ മരങ്ങൾ വെച്ചു പിടിപ്പിക്കും. വീടുകൾ മാലിന്യമുക്തമാക്കും. ഇതുവഴി ഹരിത ഗ്രാമങ്ങൾ രൂപപ്പെടുത്താനാണ് ലക്ഷ്യം.

വയോജന പാർക്ക് ആരംഭിക്കും

ബ്ലോക്ക് തലത്തിൽ വയോജന പാർക്കും റിക്രീയേഷൻ ക്ലബ്ബും ആരംഭിക്കും. ഭിന്നശേഷിക്കാർ, വയോജനങ്ങൾ, വിധവകൾ എന്നിവരുടെ പ്രശ്നപരിഹാരത്തിനാണ് പാർക്ക് തുറക്കുന്നത്.

ഇൻഫർമോഷൻ സെന്റർ തുറക്കും

അക്ഷയ കേന്ദ്രത്തിന്റെ മാതൃകയിൽ ബ്ലോക്ക് പഞ്ചായത്തിൽ ഇൻഫർമേഷൻ സെന്റർ ആരംഭിക്കും. മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് സെന്റർ തുറക്കുന്നത്. വീടുകളിൽ വർക്ക് ഹോമായി ജോലി ചെയ്യുന്നവർക്ക് ഇന്റർനെറ്റ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ ശ്രമിക്കും.

ക്ഷീരകർഷകർക്ക് കറവയന്ത്രം

പാൽ ഉത്പാദനം വർദ്ധിപ്പിക്കാൻ ക്ഷീര കർഷകർക്ക് പ്രത്യേക പദ്ധതിക്ക് രൂപം നൽകും. പുല്ല് വെട്ട് യന്ത്രവും കറവ യന്ത്രവും നൽകും. കാലിതീറ്റയും പാൽ പാത്രങ്ങളും വിതരണം ചെയ്യും. തൊഴിൽ ഉറപ്പ് പദ്ധതിയിൽപ്പെടുത്തി പാവപ്പെട്ട കുടുംബങ്ങൾക്ക് കോഴിക്കൂട്, ആട്ടിൻ കൂട്, തൊഴുത്ത്, മാലിന്യ കമ്പോസ്റ്റുകൾ എന്നിവ നിർമ്മിച്ചു നൽകും.

പദ്ധതി പൂർത്തീകരണത്തിൽ കഴിഞ്ഞ തവണ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് നാലാം സ്ഥാനവും തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. പ്രവാസികളുടെയും യുവജനങ്ങളുടെയും തൊഴിലില്ലായ്മ പരിഹരിക്കാൻ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കും. വനിതാ സംരംഭകർക്ക് വായ്പാ സബ്സിഡി അനുവദിക്കും. കുടിവെള്ള പ്രശനം പരിഹരിക്കാൻ ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തുമായി ചേർന്ന് സംയുക്ത പദ്ധതികൾക്ക് രൂപം നൽകും.
-ട്രീസ ജോസ് (തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്)