തൊടുപുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് സ്പോർട്‌സ് കൗൺസിൽ രൂപീകരിക്കാനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് ഏറെ ആവേശത്തിലാണ് ജില്ലയിലെ സ്പോർട്സ് പ്രേമികൾ. രണ്ടായിരത്തിൽ പ്രാബല്യത്തിൽ വന്ന പുതിയ സ്പോർട്സ് നിയമത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് സ്പോർട്സ് കൗൺസിൽ രൂപീകരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നൂലാമാലകളിൽപെട്ട് തുടർ പ്രവർത്തികൾ മുന്നോട്ട് പോയില്ല. സംസ്ഥാനം, കോർപ്പറേഷൻ, നഗരസഭ, ജില്ലാ പഞ്ചായത്ത്‌, ഗ്രാമപഞ്ചായത്ത് എന്നിങ്ങനെ വിവിധ തലങ്ങളിൽ സ്പോർട്സ് കൗൺസിൽ സജ്ജമാക്കി ഈ മേഖലക്ക് കൂടുതൽ സഹായം നൽകുക എന്നതായിരുന്നു പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. സ്പോർട്സിന്റെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നൂറ് കണക്കിന് പേർ ഓരോ പ്രദേശത്തുമുണ്ട്. എന്നാൽ സംസ്ഥാന- ജില്ലാ തലങ്ങളിൽ മാത്രം രൂപീകരിച്ചിരിക്കുന്ന സ്പോർട്സ് കൗൺസിലുകളിലൂടെ മാത്രം ഇതിന്റെ പ്രവർത്തനങ്ങൾ എല്ലാ പ്രദേശങ്ങളിലും എത്തിക്കുക എന്നത് പ്രായോഗികമല്ല. തുടർന്നാണ് സ്പോർട്സ് കൗൺസിലിന്റെ പ്രവർത്തനം തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ അധികൃതർ പറഞ്ഞു.

അവസരങ്ങൾ നഷ്ടപ്പെടുന്ന ഇടുക്കി

സ്പോർട്സിന് ഇടുക്കി പോലുള്ള ജില്ലയിൽ അനന്ത സാദ്ധ്യതകളാണുള്ളത്. എന്നാൽ അത് വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്താൻ ആരും താല്പര്യം കാണിക്കില്ല. തുടർന്ന് അവസരങ്ങൾ ലഭിക്കാതെ രംഗം വിട്ടൊഴിഞ്ഞവർ ആയിരങ്ങളാണ് ജില്ലയിലുള്ളത്. പ്രാദേശികമായി ഓരോ ക്ലബ്ബുകൾ രൂപീകരിച്ച് ചില മത്സരങ്ങളും മറ്റും നടത്തുന്നതാണ് ജില്ലയിൽ ആകെയുള്ല പ്രവർത്തനങ്ങൾ. എന്നാൽ വ്യക്തമായ മാർഗ നിർദേശങ്ങളും മെച്ചപ്പെട്ട കൂടുതൽ പരിശീലനങ്ങളും ജില്ലകാർക്ക് അന്യമാണ്. പതിറ്റാണ്ടുകളായി ജില്ലയുടെ അവസ്ഥ ഇതാണ്. ഇടുക്കി ജില്ലയിൽ 29 അംഗീകൃത സ്പോർട്സ് ക്ലബ്ബുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. എന്നാൽ പുതിയ സ്പോർട്സ് നയം കൂടുതൽ സജ്ജമാകുന്നതോടെ ജില്ലയ്ക്ക് വൻ നേട്ടങ്ങൾ നേടാൻ കഴിയുമെന്നാണ് വിദഗ്തർ പറയുന്നത്.

ജില്ലയിൽ ഉടൻ ആരംഭിക്കും

പുതിയ സ്പോർട്സ് നയത്തിന്റെ സർക്കാർ ഉത്തരവ് ലഭ്യമായാൽ ജില്ലയിൽ ഇതിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ അധികൃതർ പറഞ്ഞു. രണ്ട് നഗരസഭകളിലും 52 ഗ്രാമപഞ്ചായത്തുകളിലുമാണ് ജില്ലയിൽ സ്പോർട്സ് കൗൺസിലുകൾ രൂപീകരിക്കുന്നത്. നഗരസഭകളിൽ ചെയർമാൻ / ചെയർപേഴ്സൺ, നഗരസഭ സെക്രട്ടറി എന്നിവർ യഥാക്രമം സ്പോർട്സ് കൗൺസിലിന്റെ പ്രസിഡന്റും സെക്രട്ടറിയുമാകും. ഗ്രാമപഞ്ചായത്ത്‌ തലത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റും സെക്രട്ടറിയുമാണ് യഥാക്രമം കൗൺസിലിന്റെ പ്രസിഡന്റും സെക്രട്ടറിയുമാകുന്നത്. പൊലീസ്- ആരോഗ്യം- റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, എൽ.എസ്.ജി.ഡി എൻജിനിയറിംഗ് വിഭാഗം എന്നിങ്ങനെയുള്ളവർ എക്സ് ഒഫീഷ്യൽ അംഗങ്ങളാകും. കായിക രംഗത്ത് നേട്ടങ്ങൾ കൈവരിച്ച രണ്ട് പേർ (ഒരാൾ വനിത), കായിക അദ്ധ്യാപകർ- 2, പി.ടി വിദഗ്ദ്ധൻ- 1 എന്നിവരെ തദ്ദേശ സ്ഥാപനങ്ങൾക്ക് ശുപാർശ ചെയ്യാം. ആരോഗ്യ- വിദ്യാഭാസ അദ്ധ്യക്ഷർ കൗൺസിലിന്റെ വൈസ് പ്രസിഡന്റാണ്. തദ്ദേശ സ്ഥാപന അംഗങ്ങളിൽ നിന്ന് മൂന്ന് പേർ, രജിസ്റ്റർ ചെയ്ത ക്ലബ്ബുകളുടെ പ്രസിഡന്റ്- 2 എന്നിങ്ങനെയാണ് ഇതിന്റെ പ്രാദേശിക ഘടന.