vacine
വാഴത്തോപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടന്ന കുട്ടികളുടെ കൊവിഡ് വാക്‌സിനേഷൻ.

ഇടുക്കി: ജില്ലയിൽ 27 കേന്ദ്രങ്ങളിലൂടെ 2088 കൗമാര പ്രായക്കാരായവർക്ക് ആദ്യ ദിനം കൊവിഡ് വാക്‌സിനേഷൻ നൽകി. കോവാസ്‌കിനാണ് കൗമാരപ്രയക്കാർക്ക് നൽകിയത്. ഇന്ന് 48കേന്ദ്രങ്ങളിൽ കൗമാരക്കാർക്ക് വാക്‌സിനേഷൻ സൗകര്യമുണ്ടായിരിക്കും. 15 മുതൽ 18വരെ പ്രായമുള്ള 51,339 പേർ ജില്ലയിലുണ്ടെന്നാണ് കണക്ക്. ഇവർക്കുള്ള ആദ്യ ഡോസ് വാക്‌സിനേഷൻ പരമാവധി വേഗത്തിൽ പൂർത്തിയാക്കാനാണ് ആരോഗ്യ വകുപ്പിന്റെ ശ്രമം. പത്താം തീയതി മുതൽ ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കും ഗുരുതര രോഗമുള്ള മുതിർന്ന പൗരൻമാർക്കും കരുതൽ ഡോസ് നൽകണം. അതിനാൽ ഈയാഴ്ച കൗമാരക്കാരുടെ വാക്‌സിനേഷനാണ് മുൻഗണന. മുഴുവൻ കുട്ടികളും വാക്‌സിനേഷൻ എടുത്തെന്ന് ആരോഗ്യ പ്രവർത്തകർ ഉറപ്പാക്കും. അധ്യാപകർക്കും ഈ നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി കോവാക്‌സിന്റെ കൂടുതൽ ഡോസ് വേണ്ടതുണ്ട്. ഞായറാഴ്ച രാത്രി 16,000 ഡോസ് വാക്‌സിൻ എത്തിയിരുന്നു. തിങ്കളാഴ്ച രാത്രി 6000 ഡോസ് വാക്‌സിനും എത്തി.