കുമളി: ഭൂപതിവ് നിയമഭേദഗതി, പ്രളയദുരിത ബാധിതരെ സഹായിക്കൽ, വന്യമൃഗശല്യം തടയൽ, ഇടുക്കി പാക്കേജ്, കാർഷികോത്പന്ന വില തകർച്ച പരിഹരിക്കൽ തുടങ്ങിയ കാര്യങ്ങളിൽ നേരത്തെത്തെയും ഇപ്പോഴത്തെയും ഇടത് സർക്കാരുകൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായി കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ: എം.ജെ. ജേക്കബ് പറഞ്ഞു. പാർട്ടി പീരുമേട് നിയോജകമണ്ഡലം നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുവന്താനം,​ കൊക്കയാർ, കൂട്ടിക്കൽ പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രത്യേകമായി ഫണ്ട് നീക്കി വയ്ക്കണം. കാർഷികകാർഷികേതര വായ്പകളുടെ മൂന്ന് ലക്ഷം രൂപ വരെ എഴുതിത്തള്ളാനും അതിനു മുകളിലുള്ള തുകയുടെ പലിശ എഴുതിത്തള്ളാനും 12000 കോടി രൂപയുടെ ഇടുക്കി പാക്കേജിൽ നിന്നും 2000 കോടി രൂപ നീക്കിവയ്ക്കണം. പ്രളയത്തിൽ തകർന്ന റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ, കുടിവെള്ള പദ്ധതികൾ എന്നിവയുടെ പുനർനിർമ്മാണത്തിന് 2000 കോടി രൂപയും നീക്കിവയ്ക്കണമെന്നും ജില്ലാ പ്രസിഡന്റ് നിർദ്ദേശിച്ചു. പാർട്ടി മെമ്പർഷിപ്പ് വിതരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജനുവരി 26നകം മണ്ഡലം, വാർഡ് തല യോഗങ്ങൾ കൂടുന്നതിനും യോഗം തീരുമാനിച്ചിട്ടുണ്ട്. നിയോജകമണ്ഡലം പ്രസിഡന്റ് ബിജു പോൾ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉന്നതാധികാര സമിതിയംഗം ആന്റണി ആലഞ്ചേരി, കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ, സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ജോൺ, പാർട്ടി ജില്ലാ സെക്രട്ടറി സാജു പൗവ്വത്ത് തുടങ്ങിയവർ പ്രസംഗിച്ചു.