തൊടുപുഴ: സുദർശനം സ്‌പെഷ്യൽ സ്‌കൂളിനോടനുബന്ധിച്ച് മാനസിക വെല്ലുവിളികൾ നേരിടുന്ന 18 വയസിനു മുകളിൽ പ്രായമുള്ള യുവതീ യുവാക്കൾക്കായി തൊഴിൽ പരിശീലനകേന്ദ്രം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലഘുതൊഴിലുകളിലുള്ള പരിശീലനമാണ് കേന്ദ്രത്തിൽ നൽകുന്നത്. നാളെ രാവിലെ 9.30ന് മണക്കാട് നെല്ലിക്കാവിലുള്ള സ്‌കൂളിൽ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ശേഷം പരിവാർ ഇടുക്കിയുടെ പ്രസിഡന്റായ പ്രൊഫ. ജോസ് അഗസ്റ്റിൻ നയിക്കുന്ന ബോധവത്ക്കരണ ക്ലാസും നടക്കും. ഓട്ടിസം, സെറിബറൽ പൾസി എന്നീ അവസ്ഥകളിലുള്ള കുട്ടികൾക്കായി 2016ലാണ് കോലാനി ഗോകുലം ബാലഭവൻ കേന്ദ്രമായി ദീനദയ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സുദർശനം സ്‌പെഷ്യൽ സ്‌കൂൾ ആരംഭിച്ചത്. ഈ വർഷം മുതൽ മണക്കാട് നെല്ലിക്കാവിനു സമീപമുള്ള മന്ദിരത്തിലാണ് സുദർശനം സ്‌പെഷ്യൽ സ്‌കൂൾ പ്രവർത്തിക്കുന്നത്. വാർത്താസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ പ്രൊഫ. പി.ജി. ഹരിദാസ്, ട്രസ്റ്റ് അംഗങ്ങളായ കെ.പി. വേണുഗോപാൽ, എസ്. പത്മഭൂഷൺ, ബി. സജിത് കുമാർ, അദ്ധ്യാപകൻ ജിജോ ജോസ് എന്നിവർ പങ്കെടുത്തു. ഫോൺ: 9656306861, 9447127864.