കുമളി: എ.കെ.ജിയുടെ അമരാവതി സമരത്തിന്റെ ഓർമ്മകളിരമ്പുന്ന കുമളിയുടെ കാർഷിക മണ്ണിൽ സി.പി.എം ജില്ലാ സമ്മേളനത്തിന് ആവേശോജ്വല തുടക്കം. ഇന്നലെ രാവിലെ 10ന് കുമളി ഹോളിഡേ ഹോമിൽ (എ.കെ. ദാമോദരൻ നഗർ) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരിയുടെ താത്കാലിക അദ്ധ്യക്ഷതയിലാണ് സമ്മേളനം ആരംഭിച്ചത്. തുടർന്ന് നേതാക്കളും പ്രതിനിധികളും ജാഥയായി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ തയ്യാറാക്കിയ അഭിമന്യൂ നഗറിലെത്തി. കെ.പി. മേരി പതാക ഉയർത്തി. നേതാക്കളും പ്രതിനിധികളും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ജില്ലാ സെക്രട്ടേറിയറ്റംഗം പി.എസ്. രാജൻ രക്തസാക്ഷി പ്രമേയവും ജില്ലാ കമ്മിറ്റിയംഗം ജി. വിജയാനന്ദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിക്ക് പുറമെ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ. വിജയരാഘവൻ, വൈക്കം വിശ്വൻ, എം.സി ജോസഫൈൻ, കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം.എം മണി, കെ.ജെ തോമസ്, സ്വാഗതസംഘം സെക്രട്ടറി ആർ. തിലകൻ, മുൻ എം.പി ജോയ്‌സ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു. കെ.പി മേരി കൺവീനറും വി.എൻ മോഹനൻ, റോമിയോ സെബാസ്റ്റിയൻ, ടി.കെ. ഷാജി എന്നിവർ അംഗങ്ങളുമായ പ്രസീഡിയവും പി.എസ് രാജൻ, എം.ജെ മാത്യു, സി.വി വർഗീസ് എന്നിവർ കൺവീനർമാരായ പ്രമേയം, മിനിറ്റ്‌സ്, ക്രെഡൻഷ്യൽ കമ്മിറ്റികളും പ്രവർത്തിക്കുന്നുണ്ട്. ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ അവതരിപ്പിച്ച റിപ്പോർട്ടിൻമേൽ ഗ്രൂപ്പ് ചർച്ച പൂർത്തിയാക്കി പൊതുചർച്ച തുടങ്ങി. മൂന്നു ദിവസ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിക്ക് പുറമെ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ. വിജയരാഘവൻ, വൈക്കം വിശ്വൻ, എം.സി. ജോസഫൈൻ, കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എം.എം. മണി, കെ.ജെ. തോമസ് എന്നിവർ മുഴുവൻ സമയം പങ്കെടുക്കുന്നുണ്ട്. ഇന്നും പ്രതിനിധിസമ്മേളനം തുടരും. ഇന്ന് വൈകിട്ട് അഞ്ചിന് പൊതുസമ്മേളന നഗറിൽ 'ടൂറിസം സെമിനാർ' മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനംചെയ്യും. മുൻ എം.പി ജോയ്‌സ് ജോർജ് വിഷയം അവതരിപ്പിക്കും. ജില്ലാ കമ്മിറ്റിയംഗങ്ങളും നേതാക്കളും ഉൾപ്പെടെ 197 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കുമളി ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കെ റെയിലിന് ഭൂരിപക്ഷവും അനുകൂലം: കോടിയേരി
കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും കെ. റെയിൽ പദ്ധതിക്ക് അനുകൂലമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ റെയിൽ പദ്ധതിയെ എതിർക്കുന്നവർ ലക്ഷ്യമിടുന്നത് രാഷ്ട്രീയ നേട്ടത്തിനാണ്. ഇത്തരം പദ്ധതികളെ തുരങ്കം വയ്ക്കാനാണ് ചിലർ ഇപ്പോൾ ശ്രമം നടത്തുന്നത്. എതിർപ്പിന്റെ പേരിൽ ഒരു പദ്ധതിയും ഉപേക്ഷിക്കരുത്. എതിർപ്പുകൾ ഉയർത്തുന്നവർക്ക് പിന്നീട് യാഥാർഥ്യം മനസിലാവും. യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും എതിർപ്പുകൾ രാഷ്ട്രീയലക്ഷ്യം മുൻനിർത്തിയാണെന്ന് മനസിലാക്കി തന്നെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്. ഇടതുപക്ഷത്തിന്റെ അടിത്തറ തകർത്ത് കേരളത്തിലെ വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള നീക്കമാണ് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇടതുപക്ഷ മനോഭാവമുള്ള ജനങ്ങളെ വലതുപക്ഷ മനോഭാവത്തിലേക്ക് നയിക്കാനുള്ള നീക്കം ശക്തമാണ്. യു.ഡി.എഫും ബി.ജെ.പിയും പലവിധത്തിലുള്ള കുത്തിത്തിരിപ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കേരളത്തിൽ ഒരു വികസനവും നടപ്പാക്കാൻ അനുവദിക്കില്ലെന്നതാണ് അവരുടെ നിലപാട്. അവരുടെ രാഷ്ട്രീയലക്ഷ്യങ്ങൾക്കു മുന്നിൽ സർക്കാർ കീഴടങ്ങില്ല. സർക്കാരിന്റെ നയങ്ങൾക്ക് പിന്നിൽ ജനങ്ങളെ അണിനിരത്തും. ക്രൈസ്തവർ ആക്രമിക്കപ്പെടുമ്പോൾ കേരളത്തിൽ ബി.ജെ.പി നേതാക്കൾ ബിഷപ്പുമാരെയും നരേന്ദ്രമോഡി വത്തിക്കാനിലെത്തി മാർപാപ്പയെയും സന്ദർശിക്കുന്നത് ഇരട്ടത്താപ്പാണ്. രാജ്യത്തെ മതനിരപേക്ഷതയുടെ അടിത്തറ തകർക്കുന്ന നടപടികളാണ് സന്യാസവേഷധാരിയായ പ്രധാനമന്ത്രിയിൽ നിന്നുണ്ടാകുന്നത്.
ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന രാഹുൽഗാന്ധിയുടെ പ്രസ്താവന ആർ.എസ്.എസിനെ തൃപ്തിപ്പെടുത്താനാണ്. ഒരു കോൺഗ്രസ് നേതാവു പോലും ഈ പ്രസ്താവനയെ തള്ളിപ്പറഞ്ഞില്ല. ഇടതുപക്ഷം ഭരിക്കുന്നതു കൊണ്ടാണ് സംസ്ഥാനത്ത് ക്രൈസ്ത ദേവാലയങ്ങളിൽ ആക്രമം നടക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.