തൊടുപുഴ: പഞ്ചറായ സ്‌കൂട്ടർ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് തൊടുപുഴ ടൗണിൽ വാഹനങ്ങൾ കൂട്ടയിടിച്ചു. കെ.എസ്.ആർ.ടി.സി ബസും കാറുകളും സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ തൊടുപുഴ- മൂവാറ്റുപുഴ റൂട്ടിൽ ഇടുക്കി പ്രസ് ക്ലബിന് സമീപമായിരുന്നു സംഭവം. വനിതകൾ സഞ്ചരിച്ച സ്‌കൂട്ടർ പഞ്ചറായതിനെ തുടർന്ന് ഇവർ വാഹനം പെട്ടെന്ന് റോഡിൽ നിറുത്തി. പിന്നാലെയെത്തിയ കാറും അതിനു പിന്നിലായി വന്ന കാറും ഇതോടെ ബ്രേക്കിട്ടു. അവസാനം നിറുത്തിയ കാറിന് പിന്നിൽ മൂവാറ്റുപുഴ ഭാഗത്തു നിന്നെത്തിയ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. ഇതോടെ ഈ കാർ മുന്നിലെ കാറിലിടിച്ചു. ഇടികൊണ്ട കാർ സ്‌കൂട്ടറിലും ഇടിച്ചു. സ്‌കൂട്ടർ യാത്രികരായ സ്ത്രീകൾ റോഡിൽ വീണെങ്കിലും പരിക്കേറ്റില്ല. കെ.എസ്.ആർ.ടി.സി ബസിടിച്ച് മുട്ടം സ്വദേശിയുടെ കാറിന് സാരമായ കേടുപാടു സംഭവിച്ചു. അപകടത്തെ തുടർന്ന് റോഡിൽ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി. പൊലീസിൽ വിവരമറിയിച്ചെങ്കിലും ഇവർ എത്താൻ വൈകിയതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.