 
മൂന്നാർ: 15 വർഷത്തിന് ശേഷം മൂന്നാർ പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് തിരിച്ചുപിടിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ദീപയെ പരാജയപ്പെടുത്തി എൽ.ഡി.എഫിന്റ പ്രവീണ രവികുമാർ പ്രസിഡന്റായി ചുമതലയേറ്റു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എൽ.ഡി.എഫിന്റെ തന്നെ എ. രാജേന്ദ്രനും വിജയിച്ചു. വലിയ സുരക്ഷ സന്നാഹത്തോടെയാണ് ഇന്നലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് രാവിലെ മുതൽ പ്രവർത്തകരെ കവാടത്തിന് പുറത്ത് നിർത്തി പഞ്ചായത്ത് അംഗങ്ങളെ മാത്രമാണ് പഞ്ചായത്ത് ഓഫീസിലേക്ക് പ്രവേശിപ്പിച്ചത്. തുടർന്ന് 11 മണിയോടെ വാരണാധികാരി ഫറൂക്കിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആരംഭിച്ചു. യു.ഡി.എഫിന്റെ ദീപ രാജ്കുമാറും എൽ.ഡി.എഫിലേക്കെത്തിയ പ്രവീണ രവികുമാറും തമ്മിലായിരുന്നു മത്സരം. ദീപ രാജ്കുമാറിന് 9 വോട്ട് ലഭിച്ചപ്പോൾ പ്രവീണയ്ക്ക് 12 വോട്ട് ലഭിച്ചു. തുടർന്ന് പ്രവീണ രവികുമാറിനെ പ്രസിഡന്റായി പ്രഖ്യാപിക്കുകയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മാർഷ് പീറ്ററെ പിന്തള്ളിയാണ് എ. രാജേന്ദ്രൻ വിജയിച്ചത്.