കുമളി: ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ നിയമനിർമാണത്തിലൂടെ ശാശ്വതമായി പരിഹരിക്കാൻ റവന്യൂ വകുപ്പും സംസ്ഥാനസർക്കാരും തയ്യാറാകണമെന്ന് സി.പി.എം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി.എസ്. രാജൻ അവതാരകനും കെ.എൽ. ജോസഫ് അനുവാദകനുമായാണ് പ്രമേയം അവതരിപ്പിച്ചത്. പട്ടയപ്രശ്‌നമടക്കം ഒട്ടേറെ വിഷയങ്ങളിൽ എൽ.ഡി.എഫ് സർക്കാർ ഇച്ഛാശക്തിയോടെ ഇടപെട്ട് ഇതിനകം പരിഹാരം കണ്ടു. അവശേഷിക്കുന്ന വിഷയങ്ങളിൽ ചട്ടങ്ങൾ ഭേദഗതി ചെയ്തുമാത്രമേ പൂർണപരിഹാരം സാധ്യമാവൂ. 1964ലെയും 1993ലെയും ഭൂപതിവ് ചട്ടങ്ങൾ കാലോചിതമായി ഭേദഗതിചെയ്യുക എന്നതാണ് ഇതിനുള്ള പോംവഴി. പഴയ പട്ടയവ്യവസ്ഥ മൂലം ഇവിടങ്ങളിൽ നിർമാണപ്രവർത്തനങ്ങളടക്കം സാധ്യമാകുന്നില്ല. നിയമനിർമാണം വൈകുന്നതും കോടതിവ്യവഹാരങ്ങൾ തീർപ്പാക്കാത്തതും കർഷകരെ ദുരിതത്തിലാക്കുന്നു. അതിനാൽ മുൻകാല പ്രാബല്യത്തോടെ ചട്ടങ്ങൾ ഭേദഗതി ചെയ്യണം. പതിച്ചുകിട്ടിയ ഭൂമിയിലെ വാണിജ്യസ്ഥാപനങ്ങൾ ക്രമവൽക്കരിച്ച് നൽകണം. പദ്ധതിപ്രദേശങ്ങളിലെ പത്തുചെയിൻ, മൂന്നുചെയിൻ പ്രദേശത്തെ ഭൂമികൾക്കും പട്ടയം നൽകണം. അവശേഷിക്കുന്ന പട്ടയപ്രശ്‌നങ്ങൾ പരിഹരിക്കണം. കല്ലാർകുട്ടി, പൊൻമുടി പദ്ധതിപ്രദേശങ്ങളിലും പട്ടയം വിതരണം ചെയ്യണം. എൽഎ ഓഫീസുകളിലുള്ള പട്ടയ അപേക്ഷകൾ പെട്ടെന്ന് തീർപ്പാക്കി മേളയിലൂടെ ഒരുമിച്ച് പട്ടയം നൽകണം.
ലാൻഡ് രജിസ്റ്ററിൽ ഏലം എന്നു രേഖപ്പെടുത്തിയതിനാൽ പട്ടയം നിഷേധിക്കപ്പെട്ടവർക്കും പട്ടണപ്രദേശങ്ങളിലെ ഷോപ്പ്‌സൈറ്റുകൾക്കും പട്ടയം ലഭ്യമാക്കണം. കർഷകരെ വർഷങ്ങളായി കഷ്ടപ്പെടുത്തുകയും ചൂഷണം ചെയ്യുന്നതും അവസാനിപ്പിച്ച് റീസർവെ നടപടികൾ എത്രയും വേഗം പൂർത്തീകരിക്കണം. ജില്ലയിൽ പഴയ പട്ടയഭൂമിയിൽ താമസിക്കുന്ന കൃഷിക്കാരുടെ കരം രാജമാണിക്യം റിപ്പോർട്ടിന്റെ പേരിൽ സ്വീകരിക്കാത്തതിന് പരിഹാരം കാണണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.