തൊടുപുഴ: ആലക്കോട് ഗ്രൗണ്ട് മുഖം മിനുക്കി ആധുനിക സൗകര്യങ്ങളോടെ ഓപ്പൺ സ്റ്റേഡിയമാക്കും. രണ്ടര ഏക്കർ സ്ഥലത്ത് 2.58 കോടി രൂപ ചെലവഴിച്ചാണ് സ്റ്റഡിയം പണിയുന്നത്. പി.എം.ജെ.വി.കെ പദ്ധതിയിൽ ഉൾപ്പെടുത്തി ഇളംദേശം ബ്ലോക്ക് പഞ്ചായത്താണ് പദ്ധതിക്ക് രൂപം നൽകിരിക്കുന്നത്. ഫുട്ബോൾ, വോളി ബാൾ, ബാഡ്മിന്റൺ, ബാസ്കറ്റ് ബോൾ, സിന്തറ്റിക്ക് ട്രാക്ക്, പവലിയൻ, ഗ്യാലറി, ഓഫീസ് റൂം, ശുചി മുറി തുടങ്ങിയവയും ഇതിനോടൊപ്പം ഉണ്ട്. പിന്നാക്ക മേഖലയായ കറുകപ്പള്ളിയിൽ സദ്ഭാവ് മണ്ഡപത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. 30 സെന്റ് സ്ഥലത്ത് 1.20 കോടി രൂപ മുടക്കിയാണ് ഇരുനില മണ്ഡപം പണിയുന്നത്. ഓഡിറ്റോറിയത്തിന്റെ മാതൃകയിലാണ് നിർമ്മാണം നടന്നുവരുന്നത്. ഇൻഡോർ ഷട്ടിൽ കോർട്ട് സ്റ്റേഡിയം, ഓഡിറ്റോറിയം, സ്റ്റേജ്, താമസ സൗകര്യം, കിച്ചൻ, സ്റ്റോർ, ഓഫീസ് റും, ഏഴ് ടോയിലറ്റുകൾ, ഇലക്ട്രിക് റൂം, ഹാൾ എന്നിവ അടങ്ങുന്നതാണിത്. മാർച്ചിൽ ഉദ്ഘാടനത്തിന് സജ്ജമാക്കുന്ന വിധം നിർമ്മാണം പുരോഗമിക്കുന്നു.
കരകൗശല ജോലി ചെയ്യുന്നവർക്കും ആശാരി, പ്ലംമ്പർ എന്നിവർ ഉൾപ്പെടെയുള്ള ജോലിക്കാർക്കും ടൂൾ കിറ്റ് വിതരണം ചെയ്യും. 11 ലക്ഷം രൂപ ചെലവഴിച്ച് 120 അംഗൻവാടികൾക്ക് സ്മാർട്ട് ഫർണിച്ചറുകൾ നൽകി.
മാതൃകയായി ജൈവ ഉത്പന്ന യൂണിറ്റ്
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ജീവനക്കാർ എന്നിവരുടെ സംയുക്ത സംരംഭമായി ആരംഭിച്ച ജൈവ ഉത്പന്ന യൂണിറ്റിന്റെ പ്രവർത്തനം വിജയകരമായി മുന്നേറുന്നു. അവരവരുടെ വീടുകളിലുള്ള മാലിന്യങ്ങൾ, ബ്ലോക്കിന് കീഴിലുള്ള ഏഴ് ഗ്രാമ പഞ്ചായത്തുകളിലെ വിവിധ കടകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ, വിവിധ ക്ഷീര സംഘങ്ങളിൽ നിന്നെത്തിക്കുന്ന ചാണകം, കരിയിലയുടെ അവശിഷ്ടവും എന്നിവ ചേർത്ത് നിക്ഷേപിച്ച് മൂന്ന് മാസം കൊണ്ട് വളമാക്കുന്നതാണ് പദ്ധതി. സഹകരണ ബാങ്കുകൾ, ജൈവവള കടകൾ എന്നിവ വഴി ഇതിന്റെ വിൽപ്പന നടക്കും.
ഐസൊലേഷൻ വാർഡ് തുറക്കും
ഇളംദേശം സി.എച്ച്.സി യിൽ താലൂക്ക് തല ഐസെലേഷൻ വാർഡ് തുറക്കും. കോവിഡ് വ്യാപനം കുറയ് ക്കാൻ ഏഴ് ഗ്രാമ പഞ്ചായത്തുകളുടെ പരിധിയിൽ വിവിധ പ്രദേശങ്ങളിൽ ആൻിജൻ ടെസ്റ്റ് നടത്തി. ഉടുമ്പന്നൂർ, കരിമണ്ണൂർ, ആലക്കോട്, കോടിക്കുളം, വണ്ണപ്പുറം, വെള്ളിയാമറ്റം, കുടയത്തൂർ പഞ്ചായത്തുകളിൽ ഒരു വാർഡിൽ രണ്ട് പൾസ് ഒക്സി മീറ്ററുകൾ നൽകി. കിടപ്പ് രോഗികൾക്ക് സി.എച്ച്. സി മുഖേന ഒക്സിജൻ സിലണ്ടർ എത്തിച്ചു നൽകും.
ഓട്ടിസം പാർക്കിന് 15 ലക്ഷം
കരിമണ്ണൂർ ബി.ആർ.സിയോട് അനുബന്ധിച്ച് ഓട്ടിസം പാർക്ക് പൂർത്തീകരിക്കാൻ 15 ലക്ഷം രൂപ ചെലവഴിക്കും. എ.എം.എ.വൈ.ജി പദ്ധതിയിൽ 14 ഭൂരഹിത ഭവന രഹിതർക്ക് ഭുമി വാങ്ങി നൽകും. ജനറൽ വിഭാഗത്തിൽ രണ്ട് ലക്ഷവും എസി.എസ്.ടി വിഭാഗത്തിൽ രണ്ടേകാൽ ലക്ഷം രൂപയും നൽകും.
സംസ്ഥാനത്ത് ക്ഷീര കർഷകർക്ക് വേണ്ടി ഏറ്റവും കൂടുതൽ ഫണ്ട് നിക്കിവെക്കുന്ന ബ്ലോക്ക് പഞ്ചായത്താണ് ഇളംദേശം. സംസ്ഥാനത്ത് ആദ്യമായി ക്ഷീരകർഷകർക്ക് സമഗ്ര ഇൻഷ്വാറൻസ് പദ്ധതി നടപ്പാക്കിയതിന്റെ അംഗീകാരമായി ക്ഷീര വകുപ്പിന്റെ അവാർഡ് ലഭിച്ചു. 5994400 രൂപയാണ് കാലിതീറ്റ വിതരണത്തിനും, പാൽ അളക്കുന്ന ഇൻസെന്റീവിനുമായി നീക്കിവച്ചിരിക്കുന്നത്. മികച്ച ക്ഷീര വികസന ഓഫീസർ, ജില്ലയിൽ മികച്ച ക്ഷീരവികസന പ്രവർത്തനത്തിനുള്ള അവാർഡുകളും ലഭിച്ചിട്ടുണ്ട്. പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവുമാണ്.
-മാത്യു കെ. ജോൺ (ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)