 
കട്ടപ്പന: ഹൈറേഞ്ചിൽ ഏലം മാത്രമല്ല എന്തും വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് വാഴാക്കാലയിൽ സുബിൻ. പുരയിടത്തിലുണ്ടായ തന്നെ ഇതിനുദാഹരണമാണ്, 75 കിലോയാണ് ഭീമൻ കാച്ചിലിന്റെ തൂക്കം. ഇതേ തൂക്കം പ്രതീക്ഷിക്കാവുന്ന എട്ട് മൂട് കാച്ചിൽ ഇനിയും കൃഷിയിടത്തിലുണ്ട്. മരച്ചീനി, വിവിധ ഇനം വാഴ, ജാതി, കാപ്പി ,കൊക്കോ, കുരുമുളക് തുടങ്ങി നാട്ടിൽ സുലഭമായി കാണുന്ന എല്ലാത്തരം കൃഷികളും സുബിൻ ചെയ്യുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ ഗ്വാട്ടിമാല ഏല തൈകളും പരിപാലിക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽ ആരെയും ആകർഷിക്കുന്ന
ഉദ്യാനപാലനവുമുണ്ട്. പലയിടങ്ങളിൽ നിന്നായി ശേഖരിച്ച പൂ ചെടികൾ മൺചട്ടിയിലും, ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളിൽ വരെയാണ് നട്ട് പരിപാലിച്ചിരിക്കുന്നത്. ഹൈറേഞ്ചുകാർക്ക് പരിചിതമല്ലാത്ത ബബിൾ പ്ലാന്റ് വരെ ഈ കൂട്ടത്തിലുണ്ട്. തിലോപ്പിയ, ഗോൾഡ് ഫിഷ്, അനാബസ്, ഗ്രാസ് കാർപ്പ്, റെഡ് തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങളും സുബിന്റെ പുരയിടത്തിലുണ്ട്. ഇവയെ പരിപാലിക്കാനായി ചെറുതും വലുതുമായ അഞ്ച് കുളങ്ങളാണ് യുവാവ് നിർമ്മിച്ചിരിക്കുന്നത്. മികച്ച സംയോജിത കൃഷിയ്ക്കുള്ള കാഞ്ചിയാർ ഗ്രാമ പഞ്ചായത്തിന്റെ അവാർഡ് 2014 ൽ നേടി. വാണിജ്യവിളകളുടെ കൃഷിയ്ക്ക് പുറമേ മത്സ്യ കൃഷിയും, പശു വളർത്തലും, പച്ചക്കറി കൃഷിയും പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്. അക്കാലത്ത് യുവ കർഷകരിൽ അവാർഡ് നേടിയ ജില്ലയിലെ ചുരുക്കം ചില ആളുകളിലൊരാളായി സുബിൻ. നാണ്യവിളകളുടെ വിലയിടിവ് കാർഷിക മേഖലയിലേയ്ക്കുള്ള യുവാക്കളുടെ വരവ് ഇല്ലാതാക്കുമെന്ന് സുബിൻ പറയുന്നു. ഏലം ഉൾപ്പടെയുള്ളവയുടെ വില തകർച്ച തന്നെയടക്കം കൃഷിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ചിന്തിപ്പിച്ചെന്നും ഈ യുവകർഷകൻ പറയുന്നു. ജോസഫ് ചാക്കോയുടെയും ലൈസാമ്മയുടെയും മൂത്ത മകനാണ്. സുബിന്റെ ഭാര്യ സോണ ബേബി മസ്‌കറ്റിൽ ഫിസിയോ തെറാപ്പിസ്റ്റാണ്, പോൾ ജോസഫ് ചാക്കോയാണ് ഏക മകൻ.
• ജോലി പിടിച്ചില്ല, പിടിച്ചത് കൃഷി
പ്ലസ്ടു പഠനത്തിന് ശേഷം കോട്ടയത്ത് എക്‌സ്രേ വെൽഡിംഗ് പഠിക്കാനാണ് സുബിൻ പോയത്. കോഴ്‌സ് പാസായി ആദ്യത്തെ ട്രെയിനിംഗ് ബാംഗ്ലൂരിൽ. അവിടെ പ്രതീക്ഷിച്ച രീതിയിലല്ലായിരുന്നു ജോലി. തുടർന്ന് പിറ്റേന്ന് രാത്രി അതേ ട്രെയിനിൽ തിരികെ നാട്ടിലെത്തി. പിന്നീട് ജോലിക്കായി എറണാകുളത്തേയ്ക്ക്. അവിടെയും നിന്നില്ല. രണ്ടും കൽപ്പിച്ച് നാട്ടിലെത്തി 21-ാം വയസ്സിൽ പറമ്പിലേയ്ക്ക് ഇറങ്ങുകയായിരുന്നു