road
റീ ടാറിംഗ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ വണ്ടമറ്റം കരിമണ്ണൂർ റോഡ്

കരിമണ്ണൂർ: 15 വർഷമായി റീ ടാറിങ് നടത്താതെ തകർന്നു കിടന്ന വണ്ടമറ്റം- കരിമണ്ണൂർ റോഡിന് ശാപമോക്ഷം. നൂറുകണക്കിനു വാഹനങ്ങൾ ദിവസവും കടന്നു പോകുന്ന റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. കരിമണ്ണൂർ നിർമ്മല സ്‌കൂളിന് മുന്നിലൂടെ പോകുന്ന റോഡ് കരിമണ്ണൂരിൽ നിന്ന് വണ്ണപ്പുറം റോഡിലേയ്ക്കുള്ള എളുപ്പ വഴിയായിരുന്നു. റോഡ് തകർന്നതോടെ യാത്രക്കാർ ഈ റോഡുവഴിയുള്ള യാത്ര ഉപേക്ഷിച്ചിരുന്നു. ഇവിടെ താമസിക്കുന്നവർ മാത്രമായിരുന്നു റോഡ് ഉപയോഗിച്ചിരുന്നത്. യാത്രക്കാർ റോഡ് ഉപേക്ഷിച്ചതോടെ സാമൂഹിക വിരുദ്ധരുടെ താവളമായി മാലിന്യം തള്ളുന്ന കേന്ദ്രമായും റോഡിന്റെ ഇരുവശവും മാറിയിരുന്നു. മൂന്നു കിലോമീറ്ററോളം ദൂരം വരുന്ന റോഡിന്റെ അറ്റകുറ്റപണികൾ നടത്തണമെന്ന ആവശ്യം വർഷങ്ങളായി ഉയർന്നിരുന്നെങ്കിലും അധികൃതർ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ജോൺസണും വാർഡ് മെമ്പർ ബിജി ജോമോനും പൊതുമരാമത്ത് അധികൃതർക്ക് നൽകിയ നിവേദനത്തെ തുടർന്ന് ഫണ്ട് അനുവദിക്കുകയും ടെണ്ടർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർച്ചയായ മഴ കാരണം റോഡിന്റെ പണികൾ നീണ്ടുപോകുകയായിരുന്നു. മഴമാറിയതോടെയാണ് പണികൾ ആരംഭിച്ച് റോഡ് ഗതാഗത യോഗ്യമാക്കിയത്. വെള്ളക്കെട്ടുള്ള ഭാഗത്ത് ടൈൽ വിരിക്കുകയും ചെയ്തു.